Latest NewsInternational

ഓഗസ്റ്റ് 31ന് മുന്‍പ് രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനം തള്ളി അമേരിക്ക

സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവയ്‌ക്കണമെന്നുമാണ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. ബൈഡന്‍ ഇതിനെ പിന്തുണച്ചിട്ടുമുണ്ട്.

വാഷിംഗ്ടണ്‍: താലിബാന്‍ ഭീകരരുടെ അന്ത്യ ശാസനം തള്ളി അമേരിക്ക. ഈ മാസം 31നകം രാജ്യം വിടണമെന്ന താലിബാന്റെ മുന്നറിയിപ്പാണ് അമേരിക്ക തള്ളിയത്. ഈ സമയത്തിനുള്ളില്‍ അമേരിക്കയിലെ എല്ലാ പൗരന്മാരേയും ഒഴിപ്പിക്കന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പ്രസിഡന്റ് ജോ ബൈഡന്റെ അന്തിമ തീരുമാനം ഉടന്‍ പുറത്ത് വരും.

തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് വേണ്ടി ഓഗസ്റ്റ് 31 വരെ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭീഷണിയുമായി താലിബാന്‍ രംഗത്തെത്തിയത്. നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാ അമേരിക്കന്‍ പൗരന്മാരേയും നാട്ടിലെത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഇന്നലെ മാത്രം 10,900 ആളുകളെ സുരക്ഷിതമായി തിരിച്ചെത്തിച്ചെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി അടക്കമുള്ള ജി7 രാജ്യങ്ങള്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള തീയതി നീട്ടണമെന്ന നിലപാടിലാണ്. ഇന്ന് നടക്കുന്ന ജി7 സമ്മേളനത്തില്‍ മറ്റ് രാജ്യങ്ങള്‍ ജോ ബൈഡനോട് ആശങ്ക അറിയിക്കും. താലിബാന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുകയും മേഖലയില്‍ ഭീകരപ്രവര്‍ത്തകര്‍ക്കു താവളം ഒരുക്കുകയും ചെയ്യുകയാണെങ്കില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവയ്‌ക്കണമെന്നുമാണ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. ബൈഡന്‍ ഇതിനെ പിന്തുണച്ചിട്ടുമുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 61 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കാബൂളിലെ ഹാമിദ് കര്‍സായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആളുകളെയും വഹിച്ച്‌ പറന്നുയര്‍ന്നത്. ഇന്നലെ രക്ഷപ്പെടുത്തിയ 16,000 പേരില്‍ 11,000 പേരെയും അമേരിക്കയാണ് രക്ഷപ്പെടുത്തിയത്. ജൂലൈ മുതല്‍ ആകെ 42,000 പേരെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തി. ഇതില്‍ 37,000 പേരും താലിബാന്‍ കാബൂളിലേക്ക് നീങ്ങിയതിനു പിന്നാലെ ഓഗസ്റ്റ് 14 മുതല്‍ രക്ഷപ്പെട്ടവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button