മുംബൈ: കേന്ദ്രമന്ത്രി നാരായൺ റാണെയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് നടപടി. സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണെന്നറിയാത്ത താക്കറെയെ അടിച്ചേനെയെന്നായിരുന്നു റാണെയുടെ വിവാദമായ പരാമർശം. ഇതിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
‘സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തത് ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വർഷത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം പിന്നിലേക്ക് നോക്കി. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ അടിച്ചേനെ’, എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.
റാണെയുടെ പരാമർശത്തിനു പിന്നാലെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്തെത്തി. റാണെയ്ക്ക് മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്ന് ശിവസേനയുടെ രത്‌നഗിരി-സിന്ധുദുർഗ് എംപി വിനായക് റാവത്ത് പറഞ്ഞു. തിങ്കളാഴ്ച റായ്ഗഡ് ജില്ലയിൽ നടന്ന ജൻ ആശീർവാദ് യാത്രയ്ക്കിടെയായിരുന്നു റാണെയുടെ പരാമർശം.
Post Your Comments