ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തിക്കുന്നവർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി കേന്ദ്രം. 14 ദിവസമാണ് അഫ്ഗാനിൽ നിന്നും മടങ്ങിയെത്തിയവർ ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. അഫ്ഗാനിലെ കോവിഡ് സ്ഥിതി വിശേഷം സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലാത്തതിനാലാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി ഉണ്ടായത്.
ചൊവ്വാഴ്ച്ച അഫ്ഗാനിൽ നിന്ന് തിരികെ എത്തിയ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 78 പേരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച്ച രാജ്യത്തേക്ക് മടങ്ങിയെത്തിയത്. ഇന്ത്യയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് പുറപ്പെടുന്നതിന് മുൻപ് കോവിഡ് പരിശോധന നിർബന്ധമാണ്. എന്നാൽ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വഷളായതോടെ കാബൂളിൽ നിന്നുള്ള രക്ഷാ ദൗത്യത്തിൽ നിർബന്ധിത കോവിഡ് പരിശോധന ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് പകരമായാണ് ക്വാറന്റെയ്ൻ നിർബന്ധമാക്കിയിരിക്കുന്നത്.
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ലോജിസ്റ്റിക്സ് ആസ്ഥാനത്താണ് നിർബന്ധിത ക്വാറന്റെയ്ൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
Post Your Comments