ആലപ്പുഴ: ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് മൂലം ജീവിതം ദുരിതമായതോടെ ട്രാൻസ്‌ജെൻഡർ അനന്യ ആത്മഹത്യ ചെയ്തത് അടുത്തിടെയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഗുരുതര പിഴവാണ് സംഭവിക്കുന്നതെന്ന് ഇതിനു പിന്നാലെ ആരോപണമുയർന്നിരുന്നു. ഇപ്പോൾ ട്രാന്‍സ്ജെന്‍ഡര്‍ നന്ദനയ്ക്കും ഇതുതന്നെയാണ് പറയാനുള്ളത്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഇരയായി മാറിയിരിക്കുകയാണ് നന്ദന. ശസ്ത്രക്രിയയിലെ അപാകത മൂലം ദുരിതത്തിലായ കൊല്ലം പുനലൂര്‍ സ്വദേശി നന്ദന സുരേഷ് തന്റെ കഷ്ടതകൾ തുറന്നു പറയുകയാണ്.
പ്രാഥമിക കൃയകള്‍ പോലും നിര്‍വ്വഹിക്കാനാകാതെ വേദനയനുഭവിക്കുകയാണ് താനെന്ന് നന്ദന പറയുന്നു. തന്റെ അവസാനവും പ്രതീക്ഷ സർക്കാർ ആണെന്ന് നന്ദന ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. സര്‍ക്കാരിന്റെയോ സുമനസ്സുകളുടെയോ സഹായമില്ലാതെ മറ്റൊരു സര്‍ജറിയെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നന്ദനയ്ക്കുള്ളത്.
2019 ഒക്ടോബറില്‍ തമിഴ്‌നാട്ടിലെ ശരവണ ആശുപത്രിയിലായിരുന്നു സര്‍ജറി പൂര്‍ത്തിയാക്കിയത്. സാധാരണ നിലയില്‍ പൂര്‍ത്തിയാക്കേണ്ട മാനദണ്ഡങ്ങളൊന്നും ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയക്ക് ശേഷം ചെയ്തിരുന്നില്ല. സര്‍ജറി കഴിഞ്ഞതായി വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയില്ല. ആദ്യഘട്ടത്തിൽ കണ്ട തുടങ്ങിയ ബുദ്ധിമുട്ടുകൾ പിന്നീട് വർധിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂത്രമൊഴിക്കാന്‍ പോലും ആവാത്ത സ്ഥിതിയിലാണ് നന്ദന ജീവിക്കുന്നത്.
‘മൂത്രമൊഴിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. മൂത്രനാളി അടഞ്ഞുപോയതിനാല്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച് കുത്തിയാണ് ഇപ്പോള്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നത്. മൂത്രം പോകാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. എന്നാല്‍ ഹോള്‍ ഇല്ലാത്തതിനാല്‍ ട്യൂബ് ഇടാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ആദ്യത്തെ ശസ്ത്രക്രിയ്ക്കായി ഒന്നരലക്ഷം രൂപയുണ്ടാക്കിയത് എത്ര കഷ്ടപ്പെട്ടിട്ടാണ്. ഇനി ഒരു ശസ്ത്രക്രിയ കൂടി നടത്തുന്നതിനുള്ള സാമ്പത്തിക സ്ഥിതിയില്ല. രണ്ടും കെട്ട ജീവിതം വേണ്ടാത്തതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തത്. മറ്റൊരു സര്‍ജറി മാത്രമാണ് ഇനി ഇതിനുള്ള പ്രതിവിധി. നാളെ താനില്ലാതായാല്‍ പറഞ്ഞില്ലെന്ന് ആരും പറയരുത്. അതുകൊണ്ടാണ് പറയുന്നത് സുമനസുകളുടെ സഹായമില്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല’, നന്ദന പറയുന്നു.
Post Your Comments