കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് ലഹരിവേട്ട നടത്തിയ എക്‌സൈസിനെ വട്ടംചുറ്റിച്ച് മൂന്ന് നായ്ക്കള്‍. റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെ മറയാക്കിയായിരുന്നു ലഹരിമരുന്ന് കടത്ത്. നിയമപ്രകാരം ലഹരിക്കടത്തിനു മറയാക്കിയ നായ്ക്കളെയും കസ്റ്റഡിയിലെടുക്കണം.
എന്നാല്‍ ശൗര്യം കൂടിയ നായ്ക്കളായതിനാല്‍ അടുത്ത് പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും ധൈര്യമില്ല. കൂടാതെ ഉടമകളെ അറസ്റ്റ് ചെയ്തതോടെ പച്ചവെള്ളം പോലും കുടിക്കാന്‍ നായ്ക്കള്‍ തയ്യാറായില്ല. രാവിലെ ആരംഭിച്ച നിരാഹാരം വൈകിട്ട് വരെ നീണ്ടു. ഫ്‌ളാറ്റിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിലായിരുന്നു ഇവയെ സൂക്ഷിച്ചിരുന്നത്. കാറിന്റെ മുന്‍സീറ്റില്‍ രണ്ടു നായ്ക്കളും പിന്‍സീറ്റില്‍ ഒരു നായുമായിരുന്നു.
എക്‌സൈസുകാരും ഫ്‌ളാറ്റിലെ താമസക്കാരുമൊക്കെ ഭക്ഷണം നല്‍കിയെങ്കിലും ഇവ കഴിക്കാന്‍ തയ്യാറായില്ല. നായ്ക്കളെ കസ്റ്റഡിയിലെടുത്താല്‍ എവിടെ സൂക്ഷിക്കുമെന്നും, ആര് പരിചരിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മുന്നിലെ പ്രധാന ചോദ്യം. ഒടുവില്‍ പ്രതികളിലൊരാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി നായ്ക്കളുടെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
Post Your Comments