ഡല്‍ഹി: താലിബാനില്‍ നിന്നും ന്യൂനപക്ഷമായ സിഖുക്കാരെയും തന്നെയും രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന് എംപി നരേന്ദര്‍ സിംഗ് ഖല്‍സ. ഇന്നലെ രാത്രിയാണ് നരേന്ദര്‍ അടക്കമുള്ളവരെ വ്യോമസേന രക്ഷപ്പെടുത്തിയത്. 2018ല്‍ ജലാലബാദില് ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളാണ് നരേന്ദറിന്റെ പിതാവ് അവതാര്‍ സിംഗ്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനില്‍ താലിബാന് നിയന്ത്രണം പിടിച്ചതോടെ ഇവിടെ നിന്ന് എങ്ങിനെ രക്ഷപ്പെടുമെന്ന് അറിയാതെ അകപ്പെട്ട എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചിട്ടുണ്ട്. ആഗ്രഹിക്കുന്നവരെയെല്ലാം രാജ്യത്ത് എത്രയും പെട്ടന്ന് എത്തിക്കാന്‍ രക്ഷാദൗത്യം വേഗത്തിലാക്കിയിരിക്കുകയാണ് കേന്ദ്രം.
ഇനി കാബൂളില്‍നിന്നും പ്രതിദിനം രണ്ടു സര്‍വീസുകള്‍ വീതം നടത്താന്‍ സര്‍കാരിന് അനുമതി ലഭിച്ചതായാണ് വിവരം. കാബൂള്‍ വിമാനത്താവളത്തില്‍നിന്നും 168 പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനം ഇന്ത്യയിലെത്തി. ഗാസിയാബാദിലെ വ്യോമസേനാ വിമാനത്താവളത്തിലാണ് സി-17 വിമാനം ലാന്‍ഡ് ചെയ്തത്.
107 ഇന്ത്യക്കാര്‍ക്ക് പുറമെ എംപിമാരടക്കമുള്ള അഫ്ഗാന് പൗരന്മാരാണ് സംഘത്തിലുള്ളത്. രക്ഷാദൗത്യം തുടരുമെന്നും ആഗ്രഹിക്കുന്നവരെയെല്ലാം രാജ്യത്തെത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ഇന്ത്യന്‍ സംഘത്തോടൊപ്പം ഡല്‍ഹിയിലേക്ക് വരാന്‍ തയാറായ അഫ്ഗാനിസ്താന് സിഖ്, ഹിന്ദു വിഭാഗത്തില്‍നിന്നുള്ള 72 പേരെ താലിബാന് മടക്കി അയച്ചു.
Post Your Comments