KeralaLatest NewsNewsInternational

അവകാശത്തിനുവേണ്ടി പോരാടുന്ന ഒരു മഹാപ്രസ്ഥാനം മാത്രമാണ് ഈ പ്രതിസന്ധിയ്ക്കുള്ള മറുപടി: താലിബാനെതിരെ തോമസ് ഐസക്ക്

തിരുവനന്തപുരം: കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ അധിനിവേശം നടത്തിയ താലിബാനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്. അഫ്‌ഗാനിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശനങ്ങൾക്ക് കാരണം അമേരിക്കയാണെന്ന് തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു. ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ അവശേഷിപ്പിച്ചിരിക്കുന്നതെന്ന് തോമസ് ഐസക്. താലിബാൻ ഭീകരരുടെ കൺകണ്ട ദൈവം അമേരിക്കയായിരുന്നുവെന്നും ഭീകരതയുടെ പരിശീലനക്യാമ്പുകളിലേയ്ക്ക് പാലും പണവും ആയുധവും ഒഴുക്കിയത് അമേരിക്കയാണ്വി എന്നും അദ്ദേഹം കുറിക്കുന്നു. ശുദ്ധരാജ്യ സംസ്ഥാപനത്തിന് ലഘുലേഖ അച്ചടിക്കാനുള്ള പണവും അമേരിക്കയുടെ ദാനമായിരുന്നുവെന്നും തോമസ് ഐസക് ഓർമിപ്പിക്കുന്നു.

‘അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രത്തിന്റെ ഉടമകളാണ് താലിബാൻ. അവരെ ന്യായീകരിക്കുന്നവർ അവരെക്കാൾ മനുഷ്യത്വവിരുദ്ധരാണ്. ചെകുത്താനും പിശാചിനും ഇടയ്ക്കാണ് ലോകം. മനുഷ്യാവകാശങ്ങളും ജനാധിപത്യവും സ്വതന്ത്രജീവിതവും അട്ടിമറിച്ച് താലിബാൻ തേരോട്ടം മുന്നേറുമ്പോൾ, മറുവശത്ത് ഇതര മതതീവ്രവാദികളും ശക്തിപ്പെടും. ഒരു ഭീകരത മറ്റൊരു ഭീകരതയ്ക്ക് അതിവേഗം അടിവളമാകും. ജനാധിപത്യമൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമാണ് ആത്യന്തികമായ ഭീഷണി. സ്ത്രീകളും കുട്ടികളുമാണ് ദുരിതജീവിതത്തിന്റെ പ്രളയത്തിൽ ഏറ്റവുമധികം മുങ്ങിത്താഴുന്നത്. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന ഒരു മഹാപ്രസ്ഥാനം മാത്രമാണ് ഈ പ്രതിസന്ധിയ്ക്കുള്ള മറുപടി’, തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

20 വർഷത്തെ സൈനിക ഇടപെടലിനുശേഷം തോറ്റമ്പി മടങ്ങുമ്പോൾ എന്താണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ അവശേഷിപ്പിക്കുന്നത്? ഇറാഖിൽ, ലിബിയയിൽ, സിറിയയിൽ എല്ലാം നിലവിലുണ്ടായിരുന്ന വ്യവസ്ഥാപിത സർക്കാരുകളുടെ അമേരിക്കൻ അട്ടിമറി ഇന്ന് ആ രാജ്യങ്ങളെ എവിടെക്കൊണ്ട് എത്തിച്ചിരിക്കുന്നുവെന്ന് ആലോചിച്ചാൽ മതി. ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ അവശേഷിപ്പിക്കുന്നത്. എല്ലാ മതങ്ങളിലെയും തീവ്രവലതുപക്ഷം ലോകത്തിനാകെ വെല്ലുവിളിയാകുംവിധം ശക്തിപ്പെടും എന്നതാണ് ഈ ബോംബുസ്ഫോടനത്തിന്റെ ആത്യന്തികമായ ഫലശ്രുതി. പ്രാകൃതമായ മതകാർക്കശ്യങ്ങൾ തോക്കു ചൂണ്ടി അടിച്ചേൽപ്പിക്കുകയും എതിർ ശബ്ദങ്ങളെ നിഷ്കരുണം കൊന്നൊടുക്കുകയും ചെയ്യുന്ന താലിബാൻ ചെയ്തികളിൽ നിന്ന് മുതലെടുക്കുന്നത് ഇന്ത്യയിൽ ആരാണ് എന്ന് ആലോചിച്ചു നോക്കൂ. താലിബാൻ വിജയം യുപിയിൽ ബിജെപിക്കു തുണയാകുമെന്ന വാർത്ത വായിച്ചിട്ട് ഏതാനും നിമിഷമേ ആകുന്നുള്ളൂ. ജനാധിപത്യത്തിന്റെ തുറസുകളിൽ ഗന്ധകപ്പുക നിറയ്ക്കാൻ എല്ലാ മതതീവ്രവാദങ്ങൾക്കുമുള്ള ലൈസൻസാവുകയാണ് താലിബാൻ.

Also Read:സെക്സ് റാക്കറ്റ്: നടത്തിപ്പുകാരിയായ മോഡൽ അറസ്റ്റിൽ, രണ്ട് പേരെ രക്ഷപെടുത്തി

ഇന്നത്തെ പല പ്രമുഖ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും സെക്കുലർ – ആധുനിക മൂല്യങ്ങൾക്കും, സ്ത്രീ സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിയിരുന്ന ട്രേഡ് യൂണിയൻ – സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്ന രാജ്യങ്ങളാണ്. ഈ സ്വാധീനത്തെ തകർക്കുന്നതിനു വേണ്ടിയാണ് അമേരിക്ക സൗദി കേന്ദ്രമായ വഹാബി ഇസ്ലാമിനെയും ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിനെയും പോലുള്ള പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്.

അഫ്ഗാനിസ്ഥാനിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടറാണ് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ വഴി അഫ്ഗാനിസ്ഥാൻ മതഭീകരർക്ക് ആയുധവും പണവും എത്തിക്കാനുള്ള ഓപ്പറേഷൻ സൈക്ലോൺ പദ്ധതിയ്ക്ക് രൂപം നൽകിയത്. 1979-ൽ ഏഴു ലക്ഷം ഡോളറിൽ തുടങ്ങിയ സാമ്പത്തിക സഹായം എൺപതിൽ മുപ്പതു മില്യൺ ഡോളറായി. 1987-ൽ ഇത് 630 മില്യൺ ഡോളറായി പെരുകി. ഒരു മൂന്നാംലോക രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ചെലവഴിച്ച ഏറ്റവും വലിയ ഇഷ്ടദാനത്തുകയെന്ന് ഈ ചെലവിനെ അമേരിക്കക്കാർ തന്നെയാണ് പരിഹസിച്ചത് (the biggest bequest to any third world insurgency). സിഐഎയുടെ മുൻമേധാവി റോബർട്ട് ഗേറ്റ്സിനെപ്പോലുള്ളവരുടെ മേൽനോട്ടത്തിലായിരുന്നു ഓപ്പറേഷൻ സൈക്ലോൺ മാസ്റ്റർപ്ലാൻ. റാംബോ സിനിമാ പരമ്പര പ്രസിദ്ധമാണല്ലോ. ഈ അമേരിക്കൻ പ്രചാരണ സിനിമ മൂന്നാമത്തേതിന്റെ സമർപ്പണം ‘ധീരരായ മുജാഹിദീൻ പോരാളികൾ’ക്കായിരുന്നു. ഇവരിൽ നിന്നാണു താലിബാൻ വളർന്നുവന്നത്.

Also Read:ചുംബനസമര നായിക എന്ന ബാനര്‍ എനിക്ക് വേണ്ട, എവിടെയാണ് ഞാൻ തുണിയുരിഞ്ഞ് നടന്നത്?: ഞാനും മുസ്ലീം ആയിരുന്നു, ജസ്ല പറയുന്നു

താലിബാനെപ്പോലുള്ള ഭീകരസംഘത്തിന് പാലും തോക്കും കൊടുത്തു വളർത്തുമ്പോൾ, അന്നത്തെ ഭീകരത അമേരിക്കയ്ക്ക് വിശുദ്ധ ജിഹാദ് ആയിരുന്നു. സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങൾക്കും വേണ്ടിയാണ് തങ്ങൾ ഇതര രാജ്യങ്ങളിൽ ഇടപെടുന്നത് എന്നാണ് പലപ്പോഴും അധിനിവേശത്തിന്റെ ന്യായീകരണമായി അമേരിക്കയും അവരുടെ സ്തുതിപാഠകരും പയറ്റുന്ന വാദങ്ങൾ. എന്നാൽ വിദ്യാഭ്യാസവും ലിംഗനീതിയും ഭൂപരിഷ്കരണവും ഉറപ്പുവരുത്തിയ അഫ്ഗാൻ സർക്കാരിനെതിരെയാണ് താലിബാനെപ്പോലുള്ള മതഭീകരതയെ വളർത്തിയത് എന്നോർക്കുമ്പോൾ ഈ വാചാടോപത്തിന്റെ പൊള്ളത്തരം ബോധ്യമാകും. ഈ ചരിത്രവസ്തുതകളാണ് താലിബാനെ വിശുദ്ധരായി വാഴ്ത്തുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ളവരുടെ മുഖംമൂടി വലിച്ചു കീറുന്നത്. താലിബാൻ ഭീകരരുടെ കൺകണ്ട ദൈവം അമേരിക്കയായിരുന്നു. ഭീകരതയുടെ പരിശീലനക്യാമ്പുകളിലേയ്ക്ക് പാലും പണവും ആയുധവും ഒഴുക്കിയത് അമേരിക്കയാണ്. വിശുദ്ധരാജ്യ സംസ്ഥാപനത്തിന് ലഘുലേഖ അച്ചടിക്കാനുള്ള പണവും അമേരിക്കയുടെ ദാനമായിരുന്നു. ചരിത്രം വെണ്ടയ്ക്കാ വലിപ്പത്തിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്ന വസ്തുതകകളൊക്കെയും ലോകം മറന്നു എന്ന് തെറ്റിദ്ധരിച്ചാണ് പുത്തൻതലമുറ ജമാഅത്തെ മസ്തിഷ്കങ്ങൾ താലിബാൻ സ്തുതി ആലപിക്കുന്നത്.

അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രത്തിന്റെ ഉടമകളാണ് താലിബാൻ. അവരെ ന്യായീകരിക്കുന്നവർ അവരെക്കാൾ മനുഷ്യത്വവിരുദ്ധരാണ്. ചെകുത്താനും പിശാചിനും ഇടയ്ക്കാണ് ലോകം. മനുഷ്യാവകാശങ്ങളും ജനാധിപത്യവും സ്വതന്ത്രജീവിതവും അട്ടിമറിച്ച് താലിബാൻ തേരോട്ടം മുന്നേറുമ്പോൾ, മറുവശത്ത് ഇതര മതതീവ്രവാദികളും ശക്തിപ്പെടും. ഒരു ഭീകരത മറ്റൊരു ഭീകരതയ്ക്ക് അതിവേഗം അടിവളമാകും. ജനാധിപത്യമൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമാണ് ആത്യന്തികമായ ഭീഷണി. സ്ത്രീകളും കുട്ടികളുമാണ് ദുരിതജീവിതത്തിന്റെ പ്രളയത്തിൽ ഏറ്റവുമധികം മുങ്ങിത്താഴുന്നത്. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന ഒരു മഹാപ്രസ്ഥാനം മാത്രമാണ് ഈ പ്രതിസന്ധിയ്ക്കുള്ള മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button