ഭോപ്പാൽ: പുള്ളിപ്പുലിയുടെ വായിൽ കുടുങ്ങിയ ചെറുമകളെ അതിസാഹസികമായി രക്ഷിച്ച് അപ്പൂപ്പനും അമ്മൂമ്മയും. മദ്ധ്യപ്രദേശിലാണ് സംഭവം. വീടിന്റെ വരാന്തയിൽ കിടന്നുറങ്ങിയ കുഞ്ഞിനെ കടിച്ചുകൊണ്ടു പോകാനായിരുന്നു പുലിയുടെ ശ്രമം. കുനോ നാഷണൽ പാർക്കിന് സമീപത്തായി താമസിക്കുന്ന ബസന്തിഭായ് ഗുർജാറും ഭർത്താവ് ജയ് സിംഗുമാണ് പുലിയിൽ വായിൽ നിന്നും തങ്ങളുടെ രണ്ടര വയസുള്ള ചെറുമകളെ രക്ഷപ്പെടുത്തിയത്.
രാത്രിയിൽ കുഞ്ഞിന്റെ നിലവിളി കേട്ടാണ് ബസന്തിഭായ് ഉണർന്നത്. പിന്നീട് ഇവർ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. പുള്ളിപ്പുലി കുഞ്ഞിനെ വായിലാക്കി നിൽക്കുന്ന കാഴ്ച്ച കണ്ട ഇവർ ഉടൻ തന്റെ സർവ്വശക്തിയും ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പുലിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞില്ല. ബഹളം കേട്ട് ഉണർന്നെത്തിയ ജയ്‌സിംഗ് പിന്നീട് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജയ്‌സിംഗും ബസന്തിഭായിയും ചേർന്ന് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
പുലിയുടെ ആക്രമണത്തിൽ കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്കും പരിക്കേറ്റു. കുനോ നാഷണൽ പാർക്കിൽ നിന്ന് പുറത്തുകടന്ന പുലിയാണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ട്. പാർക്കിന്റെ സുരക്ഷ വർധിപ്പിക്കുമെന്നും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read Also: ‘അഫ്ഗാനില്‍നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചാല്‍ വൃക്കയോ കരളോ നല്‍കാം’: സഹായം തേടി 25കാരി
Post Your Comments