തിരുവനന്തപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ സ്‌റ്റേഷന്‍ ജീവനക്കാരിയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്പിച്ച് അക്രമി സ്വര്‍ണമാല കവര്‍ന്നു. മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷനിലെ പോയിന്റ്‌സ്മാനായ വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കലാഗ്രാമം രാജ്‌നിവാസില്‍ ജലജകുമാരിയുടെ (45) രണ്ടരപ്പവന്റെ മാലയാണ് ഇരുട്ടില്‍ നിന്നെത്തിയ അക്രമി കവര്‍ന്നത്. കള്ളന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ട്രാക്കിലേക്ക് എടുത്തു ചാടിയതിനെത്തുടര്‍ന്ന് ഇവരുടെ തലയ്ക്കും സാരമായ പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 11.30ന് ഗുരുവായൂര്‍ എക്സ്‌പ്രസ് കടന്നു പോകുമ്പോഴായിരുന്നു സംഭവം. സിഗ്‌നല്‍ നല്‍കാന്‍ സ്റ്റേഷനു മറുവശത്തു നില്‍ക്കുമ്പോഴാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അക്രമി വെട്ടുകത്തിയുമായി ചാടി വീഴുകയായിരുന്നു. ഭയന്നു ട്രാക്കിലേക്കു ചാടിയ ജലജ കുമാരിക്കു പിന്നാലെ മോഷ്ടാവും ചാടി. മാല വലിച്ചു പൊട്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ വെട്ടേറ്റു ജീവനക്കാരിയുടെ കൈ മുറിഞ്ഞു. വീഴ്ചയില്‍ കൈക്കു പൊട്ടലുണ്ടായി. തലയിലും സാരമായ മുറിവേറ്റു.
തൊട്ടടുത്ത പാളത്തില്‍ കൂടി ട്രെയിന്‍ കടന്നു പോയതിനാല്‍ വലിയ അപകടം ഒഴിവായി. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊട്ടിയ മാലയുടെ പകുതി സംഭവ സ്ഥലത്തു നിന്ന് കിട്ടിയിട്ടുണ്ട്. ട്രെയിന്‍ കടന്നുപോകുന്ന സമയത്തായതിനാല്‍ എതിര്‍വശത്തുണ്ടായിരുന്ന സ്‌റ്റേഷന്‍ മാസ്റ്ററും സംഭവം കണ്ടില്ല. മുമ്പ് സമാനമായ രീതിയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടായതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ പരിസരത്ത് സി.സി ടിവി കാമറകള്‍ സ്ഥാപിച്ചിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കി.
Post Your Comments