തിരുവനന്തപുരം: സി.പി.എം നേതാവ് എം.എ. ബേബിയ്ക്ക് മറുപടിയുമായി ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. താലിബാന്റെ വിജയം കേരളത്തില്‍ മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കാമെന്ന ബേബിയുടെ വാക്കുകൾക്കാണ് അബ്ദുറബ്ബ് സോഷ്യൽ മീഡിയയിലൂടെ മറുപടിയുമായി എത്തിയത്.
‘മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന സാക്ഷാല്‍ സൗദി അറേബ്യ തന്നെ യുദ്ധത്തിനു വന്നാലും ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ സി.എച്ചാണ് ഞങ്ങളുടെ മാതൃക. 1962 ലെ ചൈനീസ് ആക്രമണകാലത്ത് ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം’ എന്ന് പറഞ്ഞ് ചൈനീസ് അധിനിവേശത്തെ വെള്ളപൂശിയ ഇ.എം.എസ് അല്ല. സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കെെയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേടും കേരളത്തിലെ മുസ്ലീങ്ങള്‍ക്കില്ല. കേരളത്തിലെ സൗഹൃദാന്തരീക്ഷങ്ങളെ ഇല്ലാതാക്കുന്ന ഒരു ഛിദ്ര ശക്തിയെയും ഞങ്ങള്‍ പിന്തുണയ്ക്കില്ല. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി (ചൈനയെപ്പോലെ) നിങ്ങളും താലിബാനെ പിന്തുണയ്ക്കരുത്’- അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.
പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം
.
മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന സാക്ഷാല്‍ സൗദി അറേബ്യ തന്നെ ഇന്ത്യക്കെതിരെ യുദ്ധത്തിനു വന്നാലും ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ സി.എച്ചാണ് ഞങ്ങളുടെ മാതൃക. 1962 ലെ ചൈനീസ് ആക്രമണകാലത്ത് ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം’ എന്ന് പറഞ്ഞ് ചൈനീസ് അധിനിവേശത്തെ വെള്ളപൂശിയ ഇ എം എസ് അല്ല ഞങ്ങളുടെ മാതൃക. സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേടും കേരളത്തിലെ മുസ്ലിംകള്‍ക്കില്ല.
കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദത്തിന് ഏറെ സംഭാവനകളര്‍പ്പിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ബാബരി മസ്ജിദിന്‍്റെ പേരില്‍ ഈ സമുദായത്തില്‍ ഛിദ്രതയുണ്ടാക്കി, തീവ്രചിന്താഗതികള്‍ക്ക് വെള്ളവും വളവും നല്‍കി, അവരെ പ്രോത്സാഹിപ്പിച്ചതും, ലീഗിനെ തകര്‍ക്കാന്‍ അവരുടെ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചതും നിങ്ങള്‍ ഇടതുപക്ഷമാണ്. സമാനമായ ചിന്തയില്‍ ലീഗിനെ തകര്‍ക്കാന്‍ ചൈനീസ് പിന്തുണയുള്ള ഒരു താലിബാനെ ഈ കേരളത്തിലും നിങ്ങള്‍ പാലൂട്ടി വളര്‍ത്തില്ലെന്നാരു കണ്ടു.
താലിബാനെന്നല്ല, ഏതു ഭീകര പ്രസ്ഥാനങ്ങള്‍ തലയുയര്‍ത്തി വന്നാലും അതിനെ കോട്ട കെട്ടി പ്രതിരോധിക്കാന്‍ മുസ്ലിം ലീഗും, മുഖ്യധാരാ മുസ്ലിം സംഘടനകളും മുന്നിലുണ്ടാവും. ഇതര സമൂഹങ്ങളുമായുള്ള സാംസ്കാരിക വിനിമയവും സൗഹാര്‍ദ്ദവുമാണ് കേരള മുസ്ലിംകളുടെ പാരമ്ബര്യം, അതു ഞങ്ങളെന്നും കാത്തു സൂക്ഷിക്കും. കേരളത്തിലെ സൗഹൃദാന്തരീക്ഷങ്ങളെ ഇല്ലാതാക്കുന്ന ഒരു ഛിദ്ര ശക്തിയെയും ഞങ്ങള്‍ പിന്തുണക്കില്ല. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി (ചൈനയെപ്പോലെ) നിങ്ങളും താലിബാനെ പിന്തുണക്കരുത്.
Post Your Comments