കാബൂള്‍: അഫ്ഗാനിലെ ജനങ്ങളെ ഞെട്ടിച്ച് താലിബാന്റെ പ്രഖ്യാപനങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ച താലിബാന്‍ കാബൂളിലെ കൊട്ടാരം പിടിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗാനി രാജ്യം വിട്ടിരുന്നു. ഭരണകാര്യങ്ങള്‍ താലിബാന്‍കാര്‍ക്ക് കൈമാറുന്നതിന് ചില ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചാണ് ഗാനി രാജ്യം വിട്ടത്.
മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, അബ്ദുല്ല അബ്ദുല്ല എന്നിവരുമായി താലിബാന്‍ ചര്‍ച്ച നടത്തി. അതിനിടെ താലിബാന്‍ ഭരണ നിര്‍വഹണത്തിലേക്ക് കടന്നു. രണ്ട് കാര്യങ്ങള്‍ക്കാണ് അവര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
Read Also :‘താലിബാൻ എന്നെ കൊന്നാലും ഈ ക്ഷേത്രം വിട്ട് ഞാൻ പോകില്ല’: കാബൂളിലെ അവസാനത്തെ പൂജാരി രാജേഷ് കുമാർ
അഫ്ഗാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു എന്നാണ് താലിബാന്റെ ആദ്യ പ്രഖ്യാപനം. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ജോലിയില്‍ തുടരാനും ഓഫീസുകളില്‍ എത്താനും താലിബാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ച താലിബാന്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍.
എന്നാല്‍ മുന്‍ സര്‍ക്കാരില്‍ ജോലി ചെയ്തിരുന്ന എല്ലാവരും അവരുടെ ജോലിയില്‍ തന്നെ തുടരണം എന്നാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
താലിബാന്റെ പുതിയ പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ ഓഫീസുകള്‍ വരും ദിവസങ്ങളില്‍ സജീവമാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, രാജ്യം വേഗത്തില്‍ സാധാരണ നിലയിലേക്ക് എത്തിയേക്കാം. അതിനിടെ താലിബാന്‍കാര്‍ പൊതുജനങ്ങളുടെ ആയുധങ്ങള്‍ കണ്ടുകെട്ടാന്‍ തുടങ്ങി.
കാബൂളിലുള്ള അഫ്ഗാന്‍കാരുടെ കൈവശം സൂക്ഷിച്ച ആയുധങ്ങളാണ് ആദ്യഘട്ടത്തില്‍ കണ്ടുകെട്ടുന്നത്. ജനങ്ങള്‍ അവരുടെ സുരക്ഷയ്ക്ക് വേണ്ടി കരുതിയതാകാം ആയുധങ്ങള്‍. ഇനി അതിന്റെ ആവശ്യമില്ല. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരാണ്. ആയുധം ആരും കൈവശംവെക്കരുതെന്നും താലിബാന്‍ നേതാക്കള്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments