വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനിലെ അധിനിവേശത്തിന് പിന്നാലെ താലിബാനെതിരെ നടപടിയുമായി ഫേസ്ബുക്ക്. താലിബാനെ ഭീകര ഗ്രൂപ്പായി ഫേസ്ബുക്ക് പ്രഖ്യാപിച്ചു. താലിബാനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
അപകടകാരികളായ സംഘടനകള്‍ക്കെതിരെ കമ്പനിയുടെ കീഴില്‍ ശക്തമായ നിയമം നിലവിലുണ്ടെങ്കിലും ആശയവിനിമയം നടത്താന്‍ താലിബാന് വാട്സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ സമയത്ത് അക്കൗണ്ട് നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വാട്സ് ആപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
അതേസമയം, താലിബാന് വക്താക്കള്‍ ട്വിറ്ററിലൂടെയാണ് അഫ്ഗാനിലെ നീക്കങ്ങള്‍ പങ്കുവെച്ചിരുന്നത്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ട്വിറ്ററിന്റെ പോളിസിയില്‍ പറയുന്നത്. ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നവര്‍ക്കും ഭീകരതയ്ക്കും സ്ഥാനമില്ലെന്നാണ് ട്വിറ്ററിന്റെ നിയമത്തിലുള്ളതെങ്കിലും ഇതുമായി ബന്ധപ്പെട്ട ശ്രേണീകരണത്തിന്റെ മാനദണ്ഡങ്ങളെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
Post Your Comments