നമ്മുടെ ദേശീയ പതാക അതിന്റെ ആദ്യ തുടക്കം മുതൽ തന്നെ പല മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ പോരാട്ടത്തിനിടെയാണ് ഈ മാറ്റം പ്രതിഫലിച്ച് തുടങ്ങിയത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ ചരിത്രം അറിയുന്നതിനൊപ്പം ഇന്ത്യയുടെ ദേശീയപതാകയുടെ ചരിത്രവും അറിയാൻ ശ്രമിക്കുന്നവരുണ്ട്. ദേശീയ പതാകയുടെ ചരിത്രം പരിശോധിക്കാം.
മൂന്ന് തിരശ്ചീനമായ വരകളിൽ പച്ച, മഞ്ഞ, ചുവപ്പ് (മുകളിൽ നിന്ന് താഴേക്ക്) എന്നീ നിറങ്ങൾ ആലേഖനം ചെയ്തതായിരുന്നു ഇന്ത്യയുടെ ആദ്യത്തെ ദേശീയ പതാക. 1906 ഓഗസ്റ്റ് 7ന് കൊൽക്കത്തയിലെ പാർസി ബഗൻ സ്ക്വയറിൽ ആണ് ഈ പതാക ഉയർത്തിയത്. അതിലെ പച്ച വരയിൽ 8 താമരകളും, ചുവന്ന വരയിൽ ചന്ദ്രക്കലയും സൂര്യനും ഉണ്ടായിരുന്നു. ഒരു വർഷം കഴിഞ്ഞ് രണ്ടാമത്തെ പതാക ഉയർത്തി. ആദ്യത്തേതിൽ നിന്നും ചില മാറ്റങ്ങളൊക്കെ വരുത്തിയ പതാക 1907 ൽ മാഡം കാമയും അവരുടെ നാടുകടത്തപ്പെട്ട വിപ്ലവകാരികളുടെ സംഘവും ആണ് ഉയർത്തിയത്. ഇതിന്റെ നിറം യഥാക്രമം കുങ്കുമം, മഞ്ഞ, പച്ച എന്നിങ്ങനെയായിരുന്നു. മുകളിലെ വരയിലെ താമരകളെ മാറ്റി പകരം അവിടെ നക്ഷത്രങ്ങളെ ആലേഖനം ചെയ്തു.
വർഷങ്ങൾക്ക് ശേഷം ഡോ. ആനി ബസന്റും ലോകമാന്യ ബാലഗംഗാധര തിലകും ഒരുമിച്ചു ചേർന്ന് 1917 ൽ രൂപമാറ്റം വരുത്തിയ തങ്ങളുടെ മൂന്നാമത്തെ പതാക ഉയർത്തി. ഇതിൽ അഞ്ച് ചുവപ്പും നാല് പച്ച തിരശ്ചീന വരകളും മാറിമാറി ക്രമീകരിച്ചിരുന്നു. പതാകയിൽ ഏഴ് നക്ഷത്ര ചിഹ്നങ്ങളും ഉണ്ടായിരുന്നു. വെളുത്ത ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു.
1921ൽ ബെസ്വാഡയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഒരു സെഷനിൽ, പുതിയൊരു പതാകയുടെ രൂപം ഉയർന്നു വന്നു. ആന്ധ്രയിലെ ഒരു യുവാവ് ഗാന്ധിജിക്കു മുന്നിൽ പതാകയുടെ ഒരു ഡിസൈൻ അവതരിപ്പിച്ചു. ഇതിൽ രണ്ട് നിറങ്ങളാണുണ്ടായിരുന്നത്. ചുവപ്പും പച്ചയും. ഇവ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പ്രതിനിധീകരിക്കുന്നതായിരുന്നു. ഇന്ത്യയിലെ അവശേഷിക്കുന്ന മറ്റ് സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനായി ഒരു വെളുത്ത ഭാഗം കൂടി ചേർക്കാൻ ഗാന്ധിജി നിർദ്ദേശിച്ചിരുന്നു. രാഷ്ട്ര പുരോഗതിയുടെ പ്രതീകമായി ഒരു കറങ്ങുന്ന ചക്രം ചേർക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
1931 ൽ ത്രിവർണ്ണ പതാകയെ നമ്മുടെ ദേശീയ പതാകയായി സ്വീകരിക്കാനുള്ള പ്രമേയം പാസാക്കി. അതനുസരിച്ച് പതാകയിൽ യഥാക്രമം മുകളിൽ നിന്നും താഴേക്ക് കുങ്കുമം, വെളുപ്പ്, പച്ച എന്നിങ്ങനെ മൂന്ന് തിരശ്ചീനമായ വരകൾ ഉണ്ടായിരുന്നു അതിന്റെ മധ്യഭാഗത്ത് ഗാന്ധിജിയുടെ നിർദേശപ്രകാരം രൂപം കൊടുത്ത കറങ്ങുന്ന ഒരു ചക്രവും ഉണ്ടായിരുന്നു. ത്രിവർണ്ണ പതാക വ്യാപകമായി അംഗീകരിക്കപ്പെട്ടു. പിന്നീട് 1947 ആഗസ്റ്റ് 15 ന് ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ചേർന്ന അസംബ്ലി യോഗത്തിലാണ് ത്രിവർണ പതാകയെ ഇന്ത്യയുടെ ദേശീയ പതാകയായി ഭരണഘടനാ അസംബ്ലി അംഗീകരിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ദേശീയ പതാകയുടെ നിറവും പ്രാധാന്യവും യാതൊരു മാറ്റവുമില്ലാതെ ഇന്നും തുടരുന്നു. പിന്നീട് കറങ്ങുന്ന ചക്രത്തിന് പകരം അശോക ചക്രവർത്തിയുടെ ധർമ്മചക്രത്തെ പതാകയുടെ മധ്യത്തിലുള്ള ധർമ്മത്തെ ആലേഖനം ചെയ്യുന്ന ചിഹ്നമാക്കി മാറ്റി. ഇങ്ങനെയാണ് കോൺഗ്രസ് പാർട്ടിയുടെ ത്രിവർണ്ണ പതാക സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാകയായി മാറിയത്.
Post Your Comments