ചില സ്ഥലങ്ങൾ പലരുടെയും അനുഭവ കഥകളായി നമ്മെ പേടിപ്പെടുത്താറുണ്ട്. അവിടെ ഒന്ന് പോയി വരുമ്പോഴും ജീവനുണ്ടെങ്കിൽ ഭാഗ്യം എന്ന് പറയാൻ പറ്റുന്ന സ്ഥലങ്ങൾ ഇപ്പോഴും ഉണ്ടെന്നുള്ളത് തികച്ചും അത്ഭുതം ജനിപ്പിക്കുന്ന ഒന്നാണ്. ശാസ്ത്രത്തിനും പോലും കൃത്യമായി വിശദീകരിക്കാൻ കഴിയാത്ത പ്രതിഭാസങ്ങളുള്ള ഇന്ത്യയിലെ കുപ്രസിദ്ധമായ അഞ്ച് സ്ഥലങ്ങൾ നമുക്ക് നോക്കാം.
1. ഡിസൂസ ചൗൽ മഹിം (മുംബൈ)
ഒരിക്കൽ ഇവിടുത്തെ കിണറിൽ ഒരു സ്ത്രീ വീഴുകയും ആരും രക്ഷിക്കാനില്ലാതെ അവർ ആ കിണറിൽ കിടന്ന് മരിക്കുകയും ചെയ്തു. പിന്നീട് ആളുകൾ ആ കിണറിനു സമീപത്ത് പലപ്പോഴും ഒരു സ്ത്രീ കാണുകയും അവർ കരയുന്ന സ്വരം കേട്ടിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു. മുംബൈയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നാണിത്.
2. സഞ്ജയ് വനം
ഡൽഹിയിലെ പച്ചപ്പ് നിറഞ്ഞ ഈ വനത്തിൽ രാത്രികാലങ്ങളിൽ ആരും പോകാറില്ല. ധാരാളം സൂഫിവര്യന്മാരുടെ ശവകൂടിരങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ രാത്രി കാലങ്ങളിൽ വെള്ള സാരിയുടുത്ത ഒരു സ്ത്രീയെ സഞ്ജയ് വനത്തിൽ കണ്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഉച്ചത്തിലുള്ള സംസാരവും നിലവിളികളും നിറഞ്ഞ ഇവിടെ രാത്രിയിൽ സന്ദർശിച്ചാൽ ആരൊക്കയോ പിന്തുടരുന്ന പോലെയും പീഡിപ്പിക്കാൻ ശ്രമിക്കുന്നതുപോലെയും തോന്നുമെന്ന് പലരും വെളിപ്പെടുത്തിയിട്ടുണ്ട്.
3. ഡോ ഹിൽ ഡാർലിങ്
ഭയപ്പെടുത്തുന്ന ഇടങ്ങളിൽ നിന്നും സ്കൂളുകളും ഒഴിവായിട്ടില്ല എന്നതിന് തെളിവാണ് ഡാർജലിങിലെ ഡോ ഹിൽ ഗേൾസ് ബോർഡിങ് സ്കൂൾ. മനോഹരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ഇന്ത്യയിലെ ഹോണ്ടഡ് സ്ഥലങ്ങളിൽ മുൻപന്തിയിലാണുള്ളത്. സ്കൂളിന് സമീപമുള്ള കാടുകളിൽ തലയില്ലാത്ത ഒരു ആൺകുട്ടിയുടെ രൂപം കാണുകയും പെട്ടെന്നു തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുമത്രെ.
4. നാഷണൽ ലൈബ്രറി കൊൽക്കത്ത
പുസ്തകങ്ങൾക്ക് പേരുകേട്ട കൊൽക്കത്തയിലെ നാഷണൽ ലൈബ്രറി പ്രേതകഥകൾക്കും പ്രശസ്തമാണ്. ഒരിക്കൽ ഇവിടുത്തെ നവീകരണത്തിന്റെ സമയത്ത് പന്ത്രണ്ടോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയുണ്ടായി. കൂടാതെ പുസ്തകം തിരയുന്നതിനിടയിൽ ഒരു കുട്ടി ഇവിടെ കൊല്ലപ്പെടുകയും ചെയ്തു. ഇവിടെ രാത്രികാലങ്ങളിൽ ജോലിയെടുക്കാൻ സെക്യൂരിറ്റികൾക്കുപോലും ഭയമാണെന്ന് അറിയുമ്പോഴാണ് ഇതിന്റെ വ്യാപ്തി വ്യക്തമാവുക.
5. സൗത്ത് പാർക്ക് സെമിത്തേരി
കൊൽക്കത്തയിലെ രാത്രികാലങ്ങളിൽ സൗത്ത് പാർക്ക് സെമിത്തേരിയിൽ നിന്നും വരുന്ന ശബ്ദങ്ങളും അതോടൊപ്പമുള്ള നിഴലുകളുമാണ് ഈ സെമിത്തേരിയെ പേടിപ്പെടുത്തുന്ന സ്ഥലമാക്കി മാറ്റുന്നത്. 1767ൽ നിർമ്മിച്ച ഈ സെമിത്തേരിയിൽ നിന്ന് രാത്രികാലങ്ങളിൽ വെള്ളസാരി പുതച്ച രൂപങ്ങളെ കാണാൻ സാധിക്കുമത്രെ. കൂടാതെ ഇവിടെ സന്ദർശിക്കുന്നവർക്ക് പെട്ടെന്നു തന്നെ രോഗ ബാധിതനാകുമെന്നും പറയപ്പെടുന്നു.
Post Your Comments