കൊൽക്കത്ത: ജയിലുകളിലെ പുരുഷ ജീവനക്കാർ തടവുകാരായ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നെന്നും ഗർഭിണികളാകുന്ന സ്ത്രീകൾ ജയിലിനുള്ളിൽ തന്നെ പ്രസവിക്കുകയും ചെയ്യുന്നെന്ന് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ജയിലുകളിലെ അവസ്ഥ സംബന്ധിച്ച് അമിക്കസ് ക്യൂറി കൊൽക്കത്ത ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വനിതാ തടവുകാരുടെ സെല്ലിലേക്ക് പുരുഷ ജീവനക്കാർ പ്രവേശിക്കുന്നത് വിലക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്. ‘ജയിലിൽ കഴിയവേ തന്നെ തടവുകാർ ഗർഭിണികളാകുന്നു. ജയിലിനുള്ളിൽ തന്നെ കുട്ടികൾ ജനിക്കുകയും ചെയ്യുന്നു. ബംഗാളിലെ വിവിധ ജയിലുകളിലായി 196 പ്രസവങ്ങളാണ് നടന്നത്.’- എന്നാണ് അമിക്കസ് ക്യൂറി ചീഫ് ജസ്റ്റിസ് ടി എസ് ശിവാങ്കനനം അടക്കമുള്ള രണ്ടംഗ ബെഞ്ചിനെ അറിയിച്ച കാര്യം.
അടുത്തിടെ ഒരു ജയിൽ സന്ദർശിച്ചിരുന്നുവെന്നും അവിടെ പതിനഞ്ച് ഗർഭിണികളെയും കുട്ടികൾക്കൊപ്പം ജീവിക്കുന്ന വനിതാ തടവുകാരെയും കണ്ടെന്നും അമിക്കസ് ക്യൂറി അറിയിച്ചു.
‘വനിതാ തടവുകാർക്ക് കുട്ടികളുണ്ടെങ്കിൽ ആറ് വയസുവരെ അവരെ ജയിലിൽ വളർത്താനുള്ള അനുമതിയുണ്ട്. എന്നാൽ അവർ ഗർഭിണികളായത് ജയിലിൽവച്ചാണോയെന്ന് അറിയില്ല. അതിന് സാദ്ധ്യതയില്ല. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും പരിശോധിക്കും.’- പൊലീസ് അറിയിച്ചു.
Post Your Comments