പാലത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് പിന്തിരിപ്പിച്ച് പോലീസ്. കൊൽക്കത്തയിലെ ബാലിഗഞ്ചിലാണ് സംഭവം. കാരയാ സ്വദേശിയായ 40-കാരനാണ് പാലത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പാലത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ഒടുവിൽ ജോലിയും ബിരിയാണിയും നൽകാമെന്ന് പറഞ്ഞാണ് പോലീസ് അനുനയിപ്പിച്ചത്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളമാണ് ഗതാഗത തടസ്സം നേരിട്ടത്.
മൂത്തമകളെയും കൂട്ടി സയൻസ് സിറ്റിയിലേക്ക് പോകുന്നതിനിടെ വാഹനം പെട്ടെന്ന് പാലത്തിനു സമീപം നിർത്തുകയും, ഇയാൾ പാലത്തിലേക്ക് കയറുകയുമായിരുന്നു. പാലത്തിന്റെ മുകളിൽ എത്തിയപ്പോൾ താഴേക്ക് ചാടുമെന്നാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് ലോക്കൽ പോലീസും, ഡിസാസ്റ്റർ മാനേജ്മെന്റ് ഗ്രൂപ്പിന്റെയും, അഗ്നിശമന സേന ഗ്രൂപ്പിന്റെയും ഒരു സംഘം സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കുകയായിരുന്നു.
ആദ്യമൊന്നും വഴങ്ങാതിരുന്ന ഇയാൾ പിന്നീട് പോലീസിനോട് സഹകരിക്കുകയായിരുന്നു. ഭാര്യയുമായി വേർപിരിയുന്നതിന്റെ കടുത്ത മാനസിക സമ്മർദ്ദവും ബിസിനസ് നഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുമാണ് കടുത്ത തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഇയാൾ പറഞ്ഞു. ഒടുവിൽ, ജോലിയും ബിരിയാണിയും നൽകാമെന്ന് പറഞ്ഞാണ് ഇയാളെ ശാന്തനാക്കിയത്.
Post Your Comments