കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധി ജനുവരി 18ന് സീല്‍ദാ കോടതി പ്രഖ്യാപിക്കും. ജനുവരി 9ന് കേസിലെ വിചാരണ നടപടികള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് നീക്കം.
പ്രതിയായ സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാണ് അന്വേഷണം ഏറ്റെടുത്ത സിബിഐയുടെ ആവശ്യം. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 9 നാണ് കോളേജ് കെട്ടിടത്തില്‍ വച്ച് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
കാമ്പസിലെ ഒരു സെമിനാര്‍ മുറിയിലാണ് പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സിറ്റി പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ദിവസത്തിന് ശേഷം കല്‍ക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു.
പ്രതിക്കെതിരേ ഡിഎന്‍എ തെളിവുകളും സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ ഏറെ നിര്‍ണായകമായ 11 തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ ഉള്‍പ്പെടുത്തിയിരുന്നത്.
സര്‍ക്കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ആരോപണ വിധേയനായ സഞ്ജയ് റോയ് ആക്രമിക്കുകയായിരുന്നുവെന്ന് കുറ്റപത്രം പറയുന്നു.
Post Your Comments