Latest NewsKeralaNews

വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: ആശ്വാസ നടപടിയുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. കോവിഡ് കാലത്ത് സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക ആയവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന് സഹകരണ വകുപ്പ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. സഹകരണ മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം അറിയിച്ചത്. സഹകരണ സംഘം രജിസ്ട്രാർക്ക് കീഴിൽ രജിസ്ട്രർ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വായ്പ മുടങ്ങിയവർക്കാണ് ആശ്വാസമായി നവ കേരളീയം കുടിശിക നിവാരണം – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ സഹകരണ സംഘങ്ങളുടെ നിഷ്‌ക്രിയ ആസ്തിയും കുടിശികയും കുറച്ചു കൊണ്ടു വരുന്നതിനാണ് ലക്ഷ്യമിടുന്നത്.

Read Also: താലിബാന്‍ കാബൂളിനരികിൽ: രാജ്യം അപകടാവസ്ഥയിൽ, പ്രസിഡന്റ് കുടുംബത്തോടൊപ്പം രാജ്യം വിട്ടേക്കുമെന്ന് റിപ്പോർട്ട്

ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകൾക്ക് പരമാവധി ഇളവുകൾ നൽകും. വായ്പയെടുത്തയാൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവകാശികൾ ഇളവ് നൽകി കുടിശിക ഒഴിവാക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 30 വരെയാണ് നവകേരളീയം കുടിശിക നിവാരണം. 2021 മാർച്ച് 31 വരെ പൂർണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് പരിഗണിക്കുക. പദ്ധതിയുടെ വിശദമായ മാർഗരേഖ സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ചു.

കാൻസർ, പക്ഷാഘാതം, എയ്ഡ്സ്, ലിവർ സിറോസിസ്, ക്ഷയം, ചികത്സിച്ചു മാറ്റാൻ കഴിയാത്ത മാനസിക രോഗം എന്നിവ ബാധിച്ചവർക്കും ഹൃദ്രോഗ ശസ്ത്രിക്രിയക്ക് വിധേയരായവർ, ഡയാലിസിസ് ചികിത്സ നടത്തുന്നവർ, അപകടത്തെ തുടർന്ന് കിടപ്പിലായവർ എന്നിവർക്കും പരമാവധി ഇളവുകൾ നൽകുമെന്ന് മന്ത്രി അറിയിച്ചു. ഇവരുടെ അവകാശികളുടെ സ്ഥിതി പരിശോധിച്ചായിരിക്കും ഇളവുകൾ നൽകുന്നത്. മാതാപിതാക്കളുടെ പേരിലുള്ള വായ്പകൾക്ക് അവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ സമാനമായ ഇളവുകൾ നൽകും. എല്ലാ വായ്പകൾക്കും ഒത്തുതീർപ്പിന് തയാറായാൽ പിഴ പലിശ പൂർണമായും ഒഴിവാക്കും. കോടതി ചെലവുകൾ ഈടാക്കുന്നത് സംബന്ധിച്ച തീരുമാനം അതത് ഭരണസമിതികൾക്ക് സ്വീകരിക്കാം.

Read Also: മക്കളെ ഉപേക്ഷിച്ച് ബന്ധുവായ ഇരുപത്തിമൂന്നുകാരനൊപ്പം നാടുവിട്ട വീട്ടമ്മ അറസ്റ്റില്‍

വായ്പകളെ തുകയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് ഇളവുകൾ നൽകുന്നത്. പരമാവധി 30 ശതമാനം വരെ ഇളവുകൾ ലഭിക്കും. 2020 ഏപ്രിൽ ഒന്ന് മുതൽ കൃത്യമായി തിരിച്ചടച്ചവർക്ക് നടപ്പ് സാമ്പത്തിക വർഷം അടച്ച പലിശയിൽ ഇളവും പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലെ ബാങ്കുകളിൽ നിന്നും 2018- 2019 കാലയളവിൽ എടുത്ത വായ്പകൾക്ക് പരമാവധി 50 ശതമാനം വരെ ഇളവും ലഭിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ നടത്തിപ്പിനായി സഹകരണ സംഘ തലംമുതൽ ജില്ലാതലം വരെ ഉദ്യോഗസ്ഥരും ഭാരവാഹികളും ഉൾപ്പെട്ട സമിതികൾ രൂപീകരിക്കാനും നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. അദാലത്തുകൾ മുൻകൂട്ടി നിശ്ചയിച്ച് ഇടപാടുകാരെ അറിയിക്കുകയും അവരുടെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

Read Also: ഭാരതം ഞങ്ങളുടെ മണ്ണാണ്: സാന്‍ഡ് ആര്‍ട്ടില്‍ അണിയിച്ചൊരുക്കിയ ദൃശ്യവിരുന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button