കാബൂൾ : തീവ്രവാദികള്‍ ഒരു പുതിയ പട്ടണമോ ജില്ലയോ പിടിച്ചെടുക്കുമ്പോഴെല്ലാം, പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും ഭാര്യമാരുടെയും വിധവകളുടെയും പേരുകള്‍ കൈമാറാന്‍ പ്രാദേശിക പള്ളികളുടെ സ്പീക്കറുകള്‍ വഴി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതായി ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് യുവതികളെ ഇത്തരത്തിൽ യുദ്ധ കൊള്ളമുതല്‍ എന്ന നിലയില്‍ ഭീകരരെക്കൊണ്ട് വിവാഹം കഴിപ്പിച്ചതായി പ്രദേശവാസികളും ഉദ്യോഗസ്ഥരും വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.
താലിബാന്റെ മുന്നേറ്റത്തെ ഭയപ്പെടുന്ന കുടുംബങ്ങള്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഭീകരർ തട്ടിയെടുക്കുന്നത് തടയാന്‍ അവരെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിത പ്രദേശങ്ങളിലേക്ക് അയക്കുകയാണ്. തഖര്‍, ബഡാക്ഷന്‍ എന്നീ രണ്ട് വടക്കന്‍ അഫ്ഗാന്‍ പ്രദേശങ്ങളില്‍ സ്ത്രീകളെ നിര്‍ബന്ധിതമായി വിവാഹം കഴിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പിടിച്ചെടുക്കുന്ന സ്ഥലങ്ങളിലെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പേരും വയസും ഭീകരരെ അറിയിക്കണം.
ചെറുത്തുനില്‍ക്കുന്ന പുരുഷന്മാരെ തീവ്രവാദികള്‍ അടിച്ചു. ഒപ്പം അവരുടെ വസ്ത്രങ്ങള്‍ പരിശോധിക്കണമെന്ന് താമസക്കാരോട് ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ നോക്കി സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ അവര്‍ക്ക് കഴിയും. താലിബാനുമായി പോരാടി മരിച്ചവരുടെ വിധവകളുടെ പേരുകളും പ്രായവും, സര്‍ക്കാര്‍ അല്ലെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ പേരുകളും അറിയിക്കാന്‍ ഭീകരര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ബമ്യാന്‍ പ്രവിശ്യയിലും സമാനമായ ശ്രമം നടന്നിരുന്നു. അവിടെ നാല് ദിവസം നീണ്ട കടുത്ത പോരാട്ടത്തിലൂടെ അഫ്ഗാന്‍ സുരക്ഷാ സേന ഭീകരരെ തുരത്തിയിരുന്നു.
താലിബാന്‍ പിടിച്ചെടുക്കുന്ന പട്ടണങ്ങളിലെ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അടച്ചു പൂട്ടുകയാണ്. ബുര്‍ഖ ധരിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് വീടുവിട്ടിറങ്ങാന്‍ പാടുള്ളൂ, പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ അവരോടൊപ്പം ഉണ്ടാകണം തുടങ്ങിയ നിയന്ത്രങ്ങള്‍ സ്ത്രീകള്‍ക്കുമേല്‍ ഭീകരര്‍ അടിച്ചേല്‍പ്പിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. താലിബാനെതിരെ പോരാടിയ സുരക്ഷാ സേനയുടെ ഭാര്യമാരോടും വിധവകളോടുമുള്ള അപകടകരവും ക്രൂരവുമായ പ്രതികാരമാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാനുള്ള പദ്ധതിയെന്ന് ബമ്യാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് താഹിര്‍ സുഹൈര്‍ പറഞ്ഞു.
ഒരു സ്ഥലം പിടിച്ചെടുത്താല്‍ സ്ത്രീകളടക്കം എല്ലാ വസ്തുക്കളും അവകാശപ്പെട്ടതാണ് എന്നാണ് ഭീകരരുടെ പ്രത്യയശാസ്ത്രമെന്ന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഒഫ് അഫ്ഗാനിസ്ഥാനിലെ പ്രഫസര്‍ ഒമര്‍ സദര്‍ പറഞ്ഞു. സ്ത്രീകളെ വിവാഹം കഴിക്കുകയല്ല മറിച്ച് ലൈംഗിക അടിമകളാക്കി മാറ്റുകയാണ്, ഇത് ലൈംഗിക അടിമത്തത്തിന്റെ മറ്റൊരു രൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments