കൊച്ചി: ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച മാത്യു കുഴൽനാടനെ ട്രോളി സോഷ്യൽ മീഡിയ. ഊളത്തരം എഴുതിവിടുന്നതിനു ഒരു കണക്കില്ലേ നിയമം പഠിച്ചു പ്രാക്ടിസ് ചെയ്ത, നിയമം ഉണ്ടാക്കുന്ന ജനപ്രതിനിധിയായ മഹാനുഭാവാ, എന്നൊക്കെയുള്ള വിമർശനങ്ങളാണ് മാത്യു കുഴൽനാടനെതിരെ ഉയർന്നിരിക്കുന്നത്. ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് വിമർശനം ശക്തമായിരിക്കുന്നത്.
മാത്യു കുഴൽനാടന്‍ തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് യുവാക്കളെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നത്. പൊലീസിനെയും ഉദ്യോഗസ്ഥരെയും കയറൂരി വിട്ടിരിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിമർശിച്ചു. കൊറോണയെക്കാള്‍ വലിയ വിപത്തായി മാറുകയാണ് പൊലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങള്‍. ഇതില്‍ ഒടുവിലത്തേതാണ് ഈബുള്‍ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥര്‍ കാട്ടിയത്. നിയമലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അല്ലാതെ കൈകാര്യം ചെയ്യാന്‍ ഇത് വെള്ളരിക്കാപട്ടണമല്ലെന്നും മാത്യു കുഴല്‍നാടന്‍ വിമർശിക്കുന്നു.
മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പോലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ?. ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മീന്‍ വില്‍ക്കുന്ന അമ്മയുടെ മീന്‍ പാത്രം തട്ടിത്തെറിപ്പിക്കുക, വാഹന പരിശോധനയുടെ പേരില്‍ സാധാരണക്കാരെ വേട്ടയാടുക, സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുക. ഇന്ന് കൊറോണയെക്കാള്‍ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങള്‍. ഇതില്‍ ഒടുവിലത്തേതാണ് വ്ലോഗർമാരായ ഈബുള്‍ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥര്‍ കാട്ടിയത്. നിയമലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അല്ലാതെ നിങ്ങള്‍ക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാന്‍ ഇത് വെള്ളിരിക്കാപട്ടണമല്ല.
വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കള്‍ വിത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴില്‍ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണം.
NB : പലരുടെയും അഭിപ്രായം മാനിച്ച് ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ആരുടേയും നിയമ ലംഘനത്തെ ന്യായീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ കുറിപ്പ്. ദിനംപ്രതി ഉയര്‍ന്ന് വരുന്ന പോലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മേല്‍ കുറിപ്പ്
Post Your Comments