കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ പ്രതിഷേധിച്ച സംഭവത്തിൽ മാത്യു കുഴൽനാടൻ എം എൽ എ അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. സമര പന്തലിലെത്തിയ പൊലീസ് ബലം പ്രയോഗിച്ചാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
തുടർന്നുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് ബസും ജീപ്പും തകർത്തു. ഇരു വാഹനങ്ങളുടേയും ചില്ലുകൾ പ്രവർത്തകർ എറിഞ്ഞു തകർത്തു. മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും പിന്നീട് താത്ക്കാലിക ജാമ്യം ലഭിച്ചു. അജണ്ടയുടെ പുറത്ത് പൊലീസ് നടത്തിയ അക്രമമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടി സർക്കാർ നടത്തിയ പദ്ധതി മാത്രമായിരുന്നു പോലീസിന്റെ നരനായാട്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കണ്ടാലറിയുന്ന 14 പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് 14 പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്. എംപിയും എം.എൽ.എയും ഉൾപ്പടെയുള്ളവരെ പ്രതിയാക്കിയാണ് രണ്ട് കേസ്. ആശുപത്രിയിൽനിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടനും കണ്ടാലറിയാവുന്നവർക്കുമെതിരെ കേസെടുത്തിരുന്നു. റോഡ് ഉപരോധിച്ചതിന് ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം എന്നിവർക്കെതിരെ മറ്റൊരു കേസും എടുത്തിരുന്നു.
നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര( 70) കഴിഞ്ഞ ദിവസം രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
Post Your Comments