ബീഹാര്‍ : എട്ട് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലാണ്. ബീഹാറിലാണ് രാജ്യത്തെ ഞെട്ടിച്ച് പെണ്‍കുട്ടിയുടെ കൊലപാതകം നടന്നിരിക്കുന്നത്. കൊലയ്ക്ക് പിന്നില്‍ നരബലിയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുടെ മുഖത്തേറ്റ ക്ഷതങ്ങള്‍ കണ്ട് ബലാത്സംഗത്തിനിരയായതായും പൊലീസിന് സംശയമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബീഹാറിലെ പാദം ഗ്രാമത്തിലെ ദിലീപ് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതിങ്ങനെ, ദിലീപ് കുമാറിന്റെ ഭാര്യ തുടര്‍ച്ചയായി ഗര്‍ഭം ധരിക്കുകയും അതെല്ലാം അലസിപ്പോകുകയുമായിരുന്നു. ഇതിന് പ്രതിവിധി തേടിയാണ് ഗ്രാമത്തിലെ മന്ത്രവാദിയായിരുന്ന പര്‍വേശ് ആലത്തെ സമീപിച്ചത്. പര്‍വേശ് പലതരത്തിലുള്ള താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്തു. തുടര്‍ന്ന് ഗര്‍ഭം അലസാതിരിക്കണമെങ്കില്‍ തന്റെ ആഭിചാര ക്രിയകള്‍ക്കായി കന്യകയായ പെണ്‍കുട്ടിയുടെ കണ്ണുകളും രക്തവും വേണമെന്ന് ഇയാള്‍ ദിലീപിനോട് ആവശ്യപ്പെട്ടു. പര്‍വേശില്‍ വിശ്വാസം അര്‍പ്പിച്ച ദിലീപും സുഹൃത്തും കന്യകയായ പെണ്‍കുട്ടിയെ തേടിയിറങ്ങി.
പെണ്‍കുട്ടിയെ അന്വേഷിച്ചിറങ്ങിയ ഇവര്‍ തൊട്ടടുത്ത ഗ്രാമത്തിലെത്തുകയായിരുന്നു. ഈസമയം ഗംഗാ നദിയില്‍ മീന്‍ പിടുത്തത്തിനു പോയ തന്റെ പിതാവിന് ഉച്ചഭക്ഷണം നല്‍കി തിരികെ വീട്ടിലേയ്ക്ക് വരികയായിരുന്ന എട്ട് വയസുകാരിയെ ഇവര്‍ കണ്ടു. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ആരും ഇല്ലാത്ത സ്ഥലത്ത് വെച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മന്ത്രവാദിയുടെ നിര്‍ദ്ദേശാനുസരണം കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ദിലീപിന്റെ ഭാര്യയുടെ കഴുത്തിലണിയിക്കുകയുമായിരുന്നു.
Post Your Comments