മലപ്പുറം: ചന്ദ്രിക ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിന്‍ അലി ശിഹാബിന് നേരെ ഭീഷണി. ലീഗ് പ്രവര്‍ത്തകൻ റാഫി പുതിയകടവ് ആണ് മൊയിന്‍ അലിക്കെതിരെ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചതാണ് റാഫിയെ ചൊടിപ്പിച്ചത്. മൊയിന്‍ അലിയുടെ വാർത്താസമ്മേളനത്തിനിടയിൽ തന്നെയായിരുന്നു ഭീഷണി. റാഫിയുടെ പരസ്യ ഭീഷണിക്ക് പിന്നാലെ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് പൂര്‍ണ്ണ പിന്തുണയുമായി ലീഗ് നേതൃത്വവും രംഗത്ത് വന്നു.
മൊയിന്‍ അലിയുടെ ആരോപണങ്ങള്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം തള്ളി. ശത്രുക്കളുടെ കയ്യില്‍ കളിക്കുന്ന ചില ആളുകളുടെ പണിയാണ് നടന്നതെന്നായിരുന്നു മൊയിന്‍ അലിയുടെ വാർത്താസമ്മേളനത്തെ കുറിച്ച് സലാം പറഞ്ഞത്. പാർട്ടിക്കെതിരായ പരസ്യ വിമര്‍ശനം പാണക്കാട് തങ്ങള്‍ തന്നെ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ മൊയിന്‍ അലിയുടെ പ്രതികരണം തങ്ങളുടെ നിര്‍ദേശത്തോടുള്ള വെല്ലുവിളിയാണെന്നുമാണ് ലീഗിന്റെ നിരീക്ഷണം.
Also Read:ബലാല്‍സംഗ കേസ് പ്രതിയായ പിടികിട്ടാപ്പുള്ളിയെ എഫ്ബി ഫ്രണ്ടാക്കി വനിതാ എസ്ഐ : പിന്നീട് നടന്നത്
കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചനയാണെന്ന് നജീബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വാരിക്കുഴികള്‍ക്കുമപ്പുറം ചില സത്യങ്ങളുണ്ട്. ആ സത്യം മാത്രമെ ജയിക്കൂ. എന്നും പ്രവര്‍ത്തകര്‍ക്ക് ആശ്രയമായി നിന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. കല്ലെറിഞ്ഞ് വീഴ്ത്തുന്നവര്‍ക്ക് പലവിധ ലക്ഷ്യങ്ങളാണ് എന്നാണു ലീഗിന്റെ പ്രതികരണം.
അതേസമയം, കുഞ്ഞാലിക്കുട്ടിയെയും പാര്‍ട്ടിയെയും കുറ്റം പറയരുതെന്നും പുറത്തേക്ക് ഇറങ്ങി കളിക്ക് നീയെന്നും ആയിരുന്നു വാർത്താസമ്മേളനത്തിനിടെ റാഫി മൊയിന്‍ അലിയെ ഭീഷണിസ്വരത്തില്‍ വെല്ലുവിളിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയിന്‍ അലി ശിഹാബ് നടത്തിയത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ടെന്നും മൊയിന്‍ അലി പറഞ്ഞു. ചന്ദ്രികയിലെ പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും മൊയിന്‍ അലി പറഞ്ഞു.
Post Your Comments