KeralaLatest NewsNews

സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: മദ്യലഹരിയിൽ തിരക്കേറിയ റോഡിന് നടുവിൽ കിടന്ന് യുവതിയുടെ പ്രകടനം: വീഡിയോ വൈറല്‍

2021 ജൂൺ 21- ന് ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട എസ്. വി. വിസ്മയയുടെ ഭർത്താവായ എസ്.കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ‘സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊല്ലം റീജ്യണൽ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു കിരൺ കുമാർ. സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങൾക്കിടയിൽ സർക്കാരിന്റേയും മോട്ടോർ വാഹന വകുപ്പിന്റേയും അന്തസ്സിനും സൽപ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാൽ 1960-ലെ കേരളാ സിവിൽ സർവ്വീസ് ചട്ടം പ്രകാരമാണ് കിരൺ കുമാറിനെതിരെ നടപടി സ്വീകരിച്ചതെന്ന്’ അദ്ദേഹം പറഞ്ഞു.

‘സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)-യുടെ ലംഘനവും ഈ കേസിൽ നടന്നിട്ടുണ്ട്. എസ്. കിരൺ കുമാറിനെ ജൂൺ 22 ന് അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ലിംഗനീതിയും സമത്വവും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എൽ.ഡി.എഫ് സർക്കാരിനുള്ളത്. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോൾ കേരളം മുൻപോട്ടു പോകുന്നത്. കേരള സമൂഹത്തിൽ നിലനിൽക്കുന്ന ഈ പ്രവണതകൾ ഇല്ലാതാക്കാൻ ജനങ്ങളും സർക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്ത്രീധന സമ്പ്രദായമുൾപ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങൾ ഉച്ഛാടനം ചെയ്ത് സമത്വപൂർണമായ നവകേരളം സൃഷ്ടിക്കാൻ നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button