കൊച്ചി: ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ് നടന്‍ മമ്മൂട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ ഡാന്‍സ് സംബന്ധിച്ച് നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ട്. ഇതിനിടെ സ്റ്റണ്ട് ചെയ്യുന്നതിനും ട്രോൾ ഉണ്ടായിരുന്നു. ഇതിന്റെ പിന്നിലുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ ഇടതുകാലിന്റെ ലിഗമെന്റ് 2000 ല്‍ പൊട്ടി എന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ടും 21 വര്‍ഷം ആയെന്നും ഇതുവരെ ഓപ്പറേഷന്‍ ചെയ്തിട്ടില്ലെന്നുമാണ് താരം തുറന്നു പറഞ്ഞത്.
‘സന്ധിമാറ്റിവെക്കല്‍ സര്‍ജറി റിസ്‌ക്ക് ഏറിയ കാര്യമാണ്. എന്റെ ഇടത് കാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ എന്റെ കാല്‍ ഇനിയും ചെറിയതാകും. പിന്നേം ആളുകള്‍ കളിയാക്കും. ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്’ മമ്മൂട്ടി പറഞ്ഞു.
കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്ന സ്ഥാപനം കോഴിക്കോട് ഉണ്ടാവുക എന്നുള്ളത് വളരേയേറെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് എന്നും അതില്‍ വളരെ ഏറെയെ സന്തോഷമുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു.
ഈ ഒരു കോവിഡ് കാലത്ത് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് തന്നെ ഇതിന്റെ പ്രധാന്യം മനസ്സിലാക്കിയാണെന്ന് താരം പറഞ്ഞു. ആശുപത്രി ആയതുകൊണ്ട് തന്നെ ആളുകളെ നിയന്ത്രിക്കുന്നതില്‍ ഒരു പരിധിയുണ്ട്. അതിലുണ്ടായ ബുദ്ധിമുട്ടില്‍ വിഷമമുണ്ട്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ സ്വീകരിക്കാന്‍ പ്രഗല്‍ഭരായ പല ഡോക്ടര്‍മാരും ഉണ്ടായിരുന്നു. പക്ഷെ ആരുടേയും മുഖം എനിക്ക് മനസ്സിലാവാത്തത് കൊണ്ടും പരിചയമില്ലാത്തത് കൊണ്ടും തന്നെ അവര്‍ ആരാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു’ അദ്ദേഹം പറഞ്ഞു.
ഹാസ്യ പരിപാടികളിലൊക്കെ മമ്മൂട്ടിയെ അനുകരിക്കുന്നവര്‍ ആ നടപ്പ് തമാശയാക്കാറുണ്ട്. ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments