കൊച്ചി: കേരളത്തിലെ അധോലോക ശൃംഖല എത്രമാത്രം അത്യാധുനികമാണെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. സ്വര്‍ണക്കടത്തുകാർക്കു വേണ്ടിയും ഹവാലക്കാർക്കും തീവ്രവാദത്തിനുമായാണ് സംസ്ഥാനത്ത് സമാന്തര ടെലിഫോണ്‍ ശൃംഖലയെന്നാണ് കണ്ടെത്തൽ. എറണാകുളം, തൃശൂര്‍ ജില്ലകളിലായി പതിനാല് ഇടങ്ങളില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ വടക്കന്‍ കേരളത്തില്‍ നിന്നും സമാനമായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരുമായി ഇപ്പോള്‍ പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്നും വിവരമുണ്ട്. സമാന്തര എക്‌സ്‌ചേഞ്ച് നടത്തിപ്പിലെ മുഖ്യ പ്രതികളെന്ന് പൊലീസ് സംശയിക്കുന്ന മലപ്പുറം സ്വദേശികള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സലീം, ഇബ്രാഹിം എന്നിവരുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം പിടിയിലായവര്‍ എക്‌സ് ചേഞ്ചുകള്‍ നടത്തിയിരുന്നത്. കൊരട്ടിയിലെ ഓഫീസ് സലീമിന്റെ പേരിലാണ് എടുത്തിരിക്കുന്നത്.
read also: സമാന്തര എക്‌സചേഞ്ചിന് പിന്നില്‍ പാക് ഐസ്ഐ: പിടിയിലായ മലപ്പുറത്തുകാരൻ ഇബ്രാഹിമിന് പിന്നില്‍ ഐഎസും
പിടിയിലായവര്‍ക്ക് നല്ല സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങളിലൂടെ നടന്ന സംഭാഷണത്തിന്റെ രീതികള്‍ ഇവര്‍ക്ക് അറിയില്ല.വിദേശത്ത് നിന്നുള്ള ഫോണ്‍ വിളികള്‍ കോള്‍ റൂട്ടറുകളും ബ്രോഡ്‌ബാന്‍ഡ് കണക്ഷനും ഉപയോഗിച്ച് പ്രാദേശിക കോളുകളാക്കി മാറ്റുകയായിരുന്നു ഇവിടെ പ്രധാനമായും ചെയ്‌തിരുന്നത് എന്നാണ് വിദഗ്‌ദ്ധരുടെ നിരീക്ഷണം. ഇതിന് ചെലവ് കുറവാണ്. ഇതിന് പുറമെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിധിയില്‍ വരാത്തത് കൊണ്ട് തന്നെ കണ്ടെത്താനും സാധിക്കില്ല.
സിംബോക്‌സ് എന്ന ഉപകരണത്തില്‍ ഒരേസമയം നൂറ് കാര്‍ഡുകള്‍ വരെ ഉപയോഗിക്കാനാകും.ഹവാലയ്‌ക്കും സ്വര്‍ണക്കടത്തിനുമാണ് ഈ എക്‌സ്‌ചേഞ്ചുകള്‍ എന്ന് പറയുമ്പോഴും ഇത്രയധികം എക്‌സ്‌ചേഞ്ചുകള്‍ എന്തിനാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇബ്രാഹിമിന്റെ സംഘത്തിന് ദുബായില്‍ ഓഫിസും ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ 7 ജീവനക്കാരുമുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം ഇബ്രാഹിമിന്റെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയിലെ രഹസ്യകേന്ദ്രം കണ്ടെത്തിയിരുന്നു. ഇവിടെയും പത്തോളം ജീവനക്കാരുണ്ടായിരുന്നു. കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തത് ഇബ്രാഹിമാണ്.
അടുത്തിടെ കേരളത്തില്‍ നടന്ന പല കുറ്റകൃത്യങ്ങളുടെയും ആസൂത്രണം സമാന്തര എക്‌സ്‌ചേഞ്ച് ഉപയോഗിച്ചുള്ള ഫോണ്‍ വിളികളിലൂടെയാണ്. ഇത്തരം വിളികള്‍ക്ക് ഫോണ്‍വിളി രേഖകള്‍ (സിഡിആര്‍) ഉണ്ടാവില്ല. സിഡിആറും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഇല്ലാത്തതിനാല്‍ പ്രതികളെ പിടിക്കാന്‍ കഴിയില്ല. അടുത്ത കാലത്തു സ്ത്രീകളെ ഫോണിലൂടെ ശല്യപ്പെടുത്തിയ കേസുകളില്‍ പൊലീസിന് ഫോണ്‍ നമ്പര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Post Your Comments