ന്യൂഡൽഹി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐ.എസ്.) ചേരാൻ കേരളത്തിൽനിന്ന് അഫ്ഗാനിസ്താനിൽ പോയ നാലു മലയാളി യുവതികളിൽ ഒരാളായ സോണിയയെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സെബാസ്റ്റ്യൻ സുപ്രീം കോടതിയിൽ. സോണിയയെയും അവളുടെ കുഞ്ഞിനെയും രാജ്യത്തെത്തിക്കാൻ കേന്ദ്രസർക്കാറിനു നിർദേശം നൽകണമെന്ന് പിതാവ് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. കാബൂളിലെ ജയിലിൽ കഴിയുന്ന ഇവരെ ഉടൻ തിരിച്ചെത്തിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
നേരത്തെ, സമാന ആവശ്യമുന്നയിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവർ തന്നെ ഹർജി പിൻവലിക്കുകയായിരുന്നു. ഭർത്താക്കന്മാരും ചിലരുടെ മക്കളും കൊല്ലപ്പെട്ടതിനു പിന്നാലെയാണിവർ അഫ്ഗാൻ സൈന്യത്തിനു മുമ്പാകെ കീഴടങ്ങിയത്. കേരളത്തിൽനിന്ന് സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുൾപ്പെട്ട 21 പേരുടെ സംഘം 2016 മേയിലും 2018 നവംബറിലുമായാണ് അഫ്ഗാനിസ്താനിലെത്തിയത്.
തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാൻ സർക്കാർ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കിടയിൽ സമവായം ആയിട്ടില്ലെന്നറിയുന്നു.
Post Your Comments