KeralaLatest News

‘മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവ്’ : കേരളത്തിൽ മദ്യവില്പനശാലകൾ ആറിരട്ടി വർധിപ്പിക്കാൻ നീക്കം

തിരക്കേറിയ വിൽപ്പനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകൾ പ്രവർത്തനസമയം മുഴുവൻ തുറക്കാനും ശുപാർശയുണ്ട്.

തൃശ്ശൂർ: സംസ്ഥാനത്തെ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പനകേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ പറയുന്നു. തിരക്കേറിയ വിൽപ്പനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകൾ പ്രവർത്തനസമയം മുഴുവൻ തുറക്കാനും ശുപാർശയുണ്ട്. ഇതിനുതയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം.

ബിവറേജസ് കോർപ്പറേഷന്റെ 270 മദ്യവിൽപ്പനശാലകളും കൺസ്യൂമർഫെഡിന്റെ 39 വിൽപ്പനശാലകളുമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 17,000 പേർക്ക് ഒരു വിദേശമദ്യ ചില്ലറവിൽപ്പനശാലയെന്ന നിലയിൽ തുറക്കുമ്പോൾ കേരളത്തിൽ ഒരുലക്ഷം പേർക്ക് ഒരു വിൽപ്പനശാലയേയുള്ളൂവെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശുപാർശ. വിൽപ്പനശാല കൂട്ടുകവഴി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അർഥമില്ല.

ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കോടതി പരാമർശിക്കുംപ്രകാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണംകൂട്ടാൻ നിർദേശിച്ചുകൊണ്ടാണ്  റിപ്പോർട്ട് അവസാനിക്കുന്നത്.

വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ, ബിവറേജസ് കോർപ്പറേഷൻ എം.ഡി. ചുമതലപ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥർ, കൺസ്യൂമർ ഫെഡിൽനിന്നുള്ള രണ്ട് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ 96 വിൽപ്പനകേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button