ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇതിനായി ചെറിയ പാര്‍ട്ടികള്‍ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.
സമാജ്‌വാദി പാര്‍ട്ടിയെ നിരന്തരം ആക്രമിക്കുന്ന ബിഎസ്പിയും കോണ്‍ഗ്രസും ആരുടെ കൂടെയാണെന്ന് വ്യക്തമാക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. നിലവില്‍ നിരവധി ചെറിയ പാര്‍ട്ടികള്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പമുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പാര്‍ട്ടികള്‍ എസ്പിക്കൊപ്പം ചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പെഗാസസ് വിവാദത്തില്‍ അഖിലേഷ് യാദവ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. നിരവധി സംസ്ഥാനങ്ങള്‍ ഭരിക്കുന്ന, ലോക്‌സഭയില്‍ 350തിലധികം സീറ്റുകളുള്ള ബിജെപിയെ പോലെയൊരു പാര്‍ട്ടി എന്തിനാണ് ഫോണ്‍ ചോര്‍ത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിദേശ ശക്തികളെ സഹായിക്കാനാണ് കേന്ദ്രം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments