തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുമാണെന്നാണ് കസ്റ്റംസ് കമ്മീഷണറുടെ വാക്കുകളില്‍ നിന്ന് മനസിലാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്ത് കേസുമായി ആര്‍ക്കെല്ലാമാണ് ബന്ധമുള്ളതെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്ന് വി.മുരളീധരന്‍ പറഞ്ഞു. കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയുന്ന കാര്യങ്ങളാണെന്നും മനസിലാകേണ്ടവര്‍ക്ക് എല്ലാം മനസിലായിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം കസ്റ്റംസ് കമ്മീഷണര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്നായിരുന്നു സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാന പോലീസ് എടുത്ത കേസുകളില്‍ വീഴ്ചയുണ്ടായെന്നും ഒന്നിലും കുറ്റപത്രം കൊടുത്തില്ലെന്നും കുറ്റപ്പെടുത്തിയ സുമിത് കുമാര്‍ കസ്റ്റംസിന് മേല്‍ കേന്ദ്ര സമ്മര്‍ദ്ദമുണ്ടായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കിയിരുന്നു.
Post Your Comments