കോതമംഗലം: നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്നത് ആസൂത്രിതമായെന്ന് നിഗമനം. കണ്ണൂര്‍ സ്വദേശിയായ രാഖില്‍ കൊല്ലപ്പെട്ട മാനസ താമസിക്കുന്ന വീടിന്റെ അടുത്തായി കഴിഞ്ഞ ഒരുമാസമായി താമസിച്ചു വരികയായിരുന്നു എന്നാണ് വിവരം. ഇതിനർത്ഥം മാനസയെ രാഖില്‍ സ്ഥിരം നിരീക്ഷിച്ചിരുന്നു എന്നാണ്. എന്നാൽ രാഖിലിന് തോക്ക് ലഭിച്ചതെങ്ങനെ എന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
വിദ്യാര്‍ഥിനിയെ കൊല്ലാന്‍ ഉപയോഗിച്ചത് 7.62 എംഎം പിസ്റ്റള്‍. ഏഴുറൗണ്ട് വെടിയുതിര്‍ക്കാവുന്ന തോക്കാണ് രാഖിലിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. മാനസയുടെയും രാഖിലിന്റെയും മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ടം നടത്തും. മാനസയുടെ തലയ്ക്കും നെഞ്ചിനും വെടിയേറ്റു. തലയുടെ ഇടതുഭാഗത്ത് ചെവിയുടെ പിറകിലായി ക്ലോസ് റേഞ്ചിലാണ് മാനസയ്ക്ക് വെടിയേറ്റത്. തലതുളച്ച് വെടിയുണ്ട പുറത്തെത്തി. വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരെത്തുമെന്ന് റൂറല്‍ എസ്.പി. കെ.കാര്‍ത്തിക് പറഞ്ഞു.
ഡെന്‍റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു മാനസ. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും അടുപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് എന്തോ കാര്യത്തിന് പിരിയുകയായിരുന്നു. എന്നാല്‍ രാഖില്‍ വീണ്ടും ശല്യപ്പെടുത്തിയതിനെത്തുടര്‍ന്ന് മാനസയുടെ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പ്രശ്നം കണ്ണൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്തതാണ്. എന്നാല്‍ ഈ വിഷയത്തോടെ രാഖിലിന് മാനസയോട് പകയായി. ഈ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്.
Post Your Comments