തൊടുപുഴ: അടിമാലിയില്‍ 70 വയസുകാരി ഫാത്തിമയെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളായ അലക്‌സിനും കവിതയ്ക്കും കോതമംഗലത്ത് രണ്ടാഴ്ച മുന്‍പ് നടന്ന സാറാമ്മ കൊലക്കേസിലും പങ്കുണ്ടോയെന്ന് സംശയം. ഇതെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരേയും അടിമാലിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സഹപാഠികളായിരുന്ന അലക്‌സും കവിതയും ഒരുമിച്ച് ജീവിക്കാനുള്ള പണം കണ്ടെത്താന്‍ മോഷണം നടത്തിയെന്നാണ് മൊഴി. പ്രതികള്‍ കുറ്റം സമ്മതിച്ചു. മോഷണത്തിനായി അടിമാലിയില്‍ എത്തിയ ഇവര്‍ വീട് വാടകയ്ക്ക് വേണമെന്ന ആവശ്യവുമായാണ് ഫാത്തിമയുടെ അടുത്തെത്തിയത്. രണ്ട് ദിവസം ഫാത്തിമയുമായി സംസാരിച്ച് അടുപ്പമുണ്ടാക്കിയ ശേഷം സ്വര്‍ണം മോഷ്ടിച്ചെന്നാണ് മൊഴി.
ഫാത്തിമയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് മുളകുപൊടി വിതറിയാണ് പ്രതികള്‍ മുങ്ങിയത്. വൈകീട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരോടും വിവരം തിരക്കി. അപ്പോഴാണ് പരിചയമില്ലാത്ത രണ്ട് പേരെ വീടിന് സമീപത്ത് കണ്ടിരുന്നതായി മൊഴി ലഭിച്ചത്.
ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് കവിതയെയും അലക്‌സിനെയും പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ മോഷ്ടിച്ച സ്വര്‍ണം പണയം വെയ്ക്കാന്‍ അടിമാലിയിലെ ധനകാര്യ സ്ഥാപനത്തില്‍ എത്തിയെന്ന് സിസിടിവി പരിശോധനയില്‍ വ്യക്തമായി. ഇവിടെ നല്‍കിയ വിലാസവും ഫോണ്‍ നമ്പറും പ്രതികളുടേത് തന്നെയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കാട് എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്വര്‍ണം പണയപ്പെടുത്തിയ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
രണ്ടാഴ്ച മുന്‍പ് മറ്റൊരു കൊലപാതകം കോതമംഗലത്ത് നടന്നിരുന്നു. ചേലാട് സ്വദേശിനി സാറാമ്മയെ വീടിനുള്ളില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിലാണ് കണ്ടത്. സ്വര്‍ണമാലയും വളകളും ഉള്‍പ്പെടെ ആറ് പവന്റെ ആഭരണങ്ങള്‍ മോഷണം പോയി. ഇവിടെ തെളിവ് നശിപ്പിക്കാന്‍ മുളകുപൊടി വിതറിയിരുന്നു. ഈ കേസില്‍ അലക്‌സിനും കവിതയ്ക്കും പങ്കുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. പ്രതികളെ ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments