മുംബൈ: തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി വി ഐ. കെവൈസി പുതുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വി. ഐ യുടെ മുന്നറിയിപ്പ്. കമ്പനിയുടെ ഭാഗത്ത് നിന്ന് എന്ന വ്യാജേന വരുന്ന ഈ സന്ദേശങ്ങളില്‍ ഉപഭോക്താക്കളോട് കെവൈസി പുതുക്കിയില്ലെങ്കില്‍ സിം ബ്ലോക്കു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വി. ഐ പറയുന്നു. പരിശോധനയ്‌ക്കെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ചില രഹസ്യ വിവരങ്ങളും ഇവര്‍ ആവശ്യപ്പെട്ടേക്കാമെന്നും അത് നല്‍കരുതെന്നും ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു.
Also Read:ആയിരം കോടിയുടെ സർക്കാർ പി ആർ പരസ്യങ്ങളേക്കാൾ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്: ഹരീഷ് വാസുദേവൻ
ഫോൺ നമ്പറുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ പതിവായതോടെയാണ് മുന്നറിയിപ്പുമായി വി. ഐ രംഗത്ത് വന്നത്. ഇത്തരം കോളുകള്‍ക്കോ,എസ്‌എംഎസുകള്‍ക്കോ മറുപടിയായി തങ്ങളുടെ കെവൈസി വിവരങ്ങള്‍ നല്‍കുകയോ ഒടിപി പങ്കു വെക്കുകയോ ചെയ്യരുത്. ഇത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ എസ്‌എംഎസില്‍ സൂചിപ്പിച്ചിട്ടുള്ള ലിങ്കുകളില്‍ ക്ലിക്കു ചെയ്യുകയോ പാടില്ലെന്നും വി. ഐ മുന്നറിയിപ്പ് നല്‍കുന്നു.
കമ്പനിയില്‍ നിന്ന് ഉപഭോക്താക്കള്‍ക്കുള്ള എല്ലാ അറിയിപ്പുകളും വി. ഐ കെയർ എന്ന എസ്‌എംഎസ് ഐഡിയില്‍ നിന്നാണ് ലഭിക്കുക. മറ്റു ഐ ഡി കളിൽ നിന്നും വരുന്നതെല്ലാം വ്യാജമാണെന്നും വി ഐ പറയുന്നു. വ്യാജ ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ നഷ്ടപ്പെടാൻ ഇടയുണ്ടെന്നും വി.ഐ മുന്നറിയിപ്പ് നൽകുന്നു.
Post Your Comments