സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ-ഐഡിയയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. വോഡഫോൺ- ഐഡിയയെ ഏറ്റെടുക്കാൻ ഉദ്ദേശമില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര മന്ത്രി ദേവൂ സിംഗ് ശൗഹാൻ പങ്കുവെച്ചിട്ടുണ്ട്. വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ വലിയ രീതിയിലുള്ള സാമ്പത്തിക ഞെരുക്കമാണ് വോഡഫോൺ- ഐഡിയ അഭിമുഖീകരിക്കുന്നത്. അടുത്തിടെ, കമ്പനിയിൽ നിന്ന് ലഭിക്കാനുള്ള 16,133 കോടി രൂപയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ ഉൾപ്പെടെയുള്ള കുടിശ്ശികകൾ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തമാക്കി മാറ്റിയിരുന്നു. ഇതോടെ, 33.1 ശതമാനം വിഹിതവുമായി വോഡഫോൺ-ഐഡിയയുടെ ഏറ്റവും വലിയ ഓഹരി പങ്കാളി കേന്ദ്രസർക്കാരാണ്.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് വോഡഫോൺ- ഐഡിയയെ കരകയറ്റാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ, കമ്പനിയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുക എന്ന വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ആദിത്യ ബിർള ഗ്രൂപ്പിന്റെയും, യുകെയിലെ വോഡഫോൺ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായാണ് വോഡഫോൺ- ഐഡിയ. കേന്ദ്രസർക്കാർ ഏറ്റവും വലിയ ഓഹരി പങ്കാളിയാണെങ്കിലും ഇതുവരെ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെട്ടിട്ടില്ല.
Post Your Comments