ന്യൂഡല്‍ഹി: ഐ.ടി പാര്‍ലമെന്ററി സ്ഥിരം സമിതി അധ്യക്ഷന്‍ ശശി തരൂരിനെതിരെ ബി.ജെ.പി പ്രതിഷേധം. സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റണമെന്നും 30 അംഗ സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ തരൂരിന് ഇല്ലെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗം നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്കി.
ശശി തരൂര്‍ സ്വന്തം നിലയില്‍ അജണ്ടകള്‍ തീരുമാനിക്കുകയാണ്. അവ സമിതിയംഗങ്ങളെ അറിയിക്കുന്നതിനു മുൻപേ മാധ്യമങ്ങള്‍ക്കു കൈമാറുകയും ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തതായി നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ തെളിവുകളും നോട്ടീസിൽ പങ്കുവെച്ചു. ഇതോടെ , ബുധനാഴ്ച ശശി തരൂര്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി സ്ഥിരം സമിതി യോഗം ബി.ജെ.പി അംഗങ്ങള്‍ ബഹിഷ്കരിച്ചു. തുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ സമിതിക്ക് യോഗം ചേരാനായില്ല.
യോഗത്തിന്റെ അജണ്ട അറിയിച്ചില്ലെന്നും പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ സമിതി യോഗം ചേരുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ബി.ജെ.പി അംഗങ്ങള്‍ കാരണമായി പറഞ്ഞത്. എന്നാൽ തരൂർ കാര്യങ്ങൾ അംഗങ്ങളുമായി ചർച്ച ചെയ്യുന്നതിന് മുന്നേ മാധ്യമങ്ങൾക്ക് നൽകുന്നതും ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നതും കടുത്ത അതൃപ്തിക്കു വഴിവെച്ചിരിക്കുകയാണ്. ഭൂരിപക്ഷ പിന്തുണയില്ലെങ്കിൽ തരൂരിന് രാജിവെക്കേണ്ടിവരുമെന്നാണ് സൂചന.
Post Your Comments