കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം തുടര്‍ക്കഥയാകുന്നു. ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകനായ സംരേഷ് പാല്‍ (36) എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു.
ജനാധിപത്യ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചെന്ന കാരണത്താലാണ് സംരേഷ് പാലിന് ജീവന്‍ നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. പ്രതിപക്ഷത്തെ ഇല്ലാതാക്കുകയാണ് ഭരണകക്ഷിയുടെ ലക്ഷ്യമെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നെന്നും മമത സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലേറിയതോടെ പ്രതിപക്ഷത്തെ കൊന്നൊടുക്കുകയാണെന്നും ബിജെപി ബംഗാള്‍ ഘടകം ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരുന്നു. ആക്രമണങ്ങളില്‍ നിരവധി ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തില്‍ നിരവധിയാളുകള്‍ കുടുംബസമേതം അസമിലേയ്ക്ക് പലായനം ചെയ്ത സംഭവങ്ങളുമുണ്ടായി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സുവേന്ദു അധികാരി അടുത്തിടെ അറിയിച്ചിരുന്നു.
Post Your Comments