ടോക്കിയോ: ഒരു നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിൽ ഫിലിപ്പൈൻസിന് ഒളിമ്പിക്സിൽ ആദ്യ സ്വർണം. ഹിഡിലി ദിയാസിലൂടെയാണ് ഫിലിപ്പൈൻസ് തങ്ങളുടെ മെഡൽ നേടിയത്. വനിതകളുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ ചൈനയുടെ ലോക റെക്കോർഡ് ജേതാവ് ലിയാവോ ക്വുയിനെ അട്ടിമറിച്ചാണ് ദിയാസിന്റെ സുവർണനേട്ടം.
കോവിഡിനെത്തുടർന്ന് മലേഷ്യയിൽ അഭയാർത്ഥിയായി കഴിയുന്ന എയർഫോഴ്സ് ജീവനക്കാരിയായ ദിയാസ് അവിടെ നിന്നാണ് ടോക്കിയോയിൽ മത്സരിക്കാനെത്തിയത്. രാജ്യത്തിന്റെ അഭിമാനമുയർത്തിയ ദിയാസിന് വൻ സമ്മാനവും ഫിലിപ്പൈൻസ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വർണം സമ്മാനിച്ച ദിയാസിന് 33 മില്യൺ പെസോസ് (അഞ്ച് കോടിയോളം രൂപ) ഫിലിപ്പൈൻസ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also:- മിനറല്‍ വാട്ടര്‍ സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!
കൂടാതെ രാജ്യത്ത് താരത്തിന് വീടുവെച്ചു നൽകുമെന്നും ഫിലിപ്പൈൻസ് സർക്കാർ അറിയിച്ചു. നേരത്തെ, റിയോ ഒളിമ്പിക്സിൽ ദിയാസ് വെള്ളി മെഡൽ നേടിയിരുന്നു. ഇരുപത് വർഷത്തിനുശേഷം ഫിലിപ്പൈൻസിന് ലഭിക്കുന്ന ഒളിമ്പിക്സ് മെഡലായും അതു മാറിയിരുന്നു. 1924 മുതൽ ഒളിമ്പിക്സിൽ മത്സരിക്കുന്ന ഫിലിപ്പൈൻസ് ഇതുവരെ 11 മെഡലുകളാണ് നേടിയിട്ടുള്ളത്.
Post Your Comments