തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രമായി ഹോക്കി മത്സരത്തില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയപ്പോൾ മലയാളികളും അഭിമാനിച്ചു. ആ മെഡൽ നേട്ടത്തിന് പിന്നിൽ ഗോളിയായ മലയാളി പി.ആര്‍. ശ്രീജേഷിന്റെ രക്ഷാപ്രവർത്തനമുണ്ട്. അദ്ദേഹത്തിന്റെ കൃത്യമായ സേവിംഗ് ഇന്ത്യയ്ക്ക് മെഡൽ നേടിത്തന്നു. നിരവധി പേർ ശ്രീജേഷിനെ അഭിനന്ദിച്ച് രംഗത്ത് വന്നു. ഇപ്പോഴിതാ, താരത്തിന് സർക്കാരിന്റെ വക ഓണസമ്മാനം.
ശ്രീജേഷിനെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് ഓണസമ്മാനം നൽകാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ശ്രീജേഷിന് കൈത്തറി മുണ്ടും ഷര്‍ട്ടും സമ്മാനം നല്‍കാന്‍ തീരുമാനം. കേരള സര്‍ക്കാരിന്റെ കീളിലുള്ള കൈത്തറി വിഭാഗമാണ് ശ്രീജേഷിന് മുണ്ടും ഷര്‍ട്ടും നല്‍കുന്നത്. 49 വര്‍ഷത്തിനുശേഷം കേരളത്തിലേക്ക് ഒളിമ്പിക് മെഡല്‍ കൊണ്ടുവന്ന ശ്രീജേഷിനു ഷർട്ടും മുണ്ടും കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് രംഗത്തെത്തിയവരും ഉണ്ട്. മറ്റ് താരങ്ങൾക്കെല്ലാം അതാത് സംസ്ഥാനങ്ങളിലെ സർക്കാർ വൻ തുക വാഗ്ദാനം ചെയ്യുമ്പോൾ കേരളത്തിൽ നൽകുന്നത് ഷർട്ടും മുണ്ടും ആണെന്നാണ് ഉയരുന്ന പരിഹാസം.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൈത്തറിവസ്ത്രം വീണ്ടും നിര്‍ബന്ധമാക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ കൈത്തറിവസ്ത്രം വീണ്ടും നിര്‍ബന്ധമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ തകര്‍ന്ന കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പുതിയ തീരുമാനങ്ങൾക്ക് സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
Post Your Comments