പാലക്കാട്: രമ്യ ഹരിദാസ് എംപി തനിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പാലക്കാട് സ്വദേശി സനൂഫ്. ഹോട്ടലിൽ വെച്ച് താനോ സുഹൃത്തോ രമ്യയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അവർ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും യുവാവ് പറയുന്നു. ഇതുസംബന്ധിച്ച എന്ത് കാര്യമുണ്ടെങ്കിലും ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും സനൂഫ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
അവര്‍ എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും യുവാവ് പറയുന്നു. വിഷയം തനിക്ക് നേരെ തിരിയുമെന്ന് തോന്നിയത് കൊണ്ടാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും സനൂഫ് പറയുന്നു. കോണ്‍ഗ്രസുകാര്‍ തല്ലിയപ്പോള്‍ എംപി നോക്കിനില്‍ക്കുകയായിരുന്നെന്നും തല്ലിക്കോട്ടെ എന്ന മനോഭാവമായിരുന്നു അവര്‍ക്കെന്നും സനൂഫ് പറഞ്ഞു.
സനൂഫിന്റെ വാക്കുകളിങ്ങനെ: ‘കൈയില്‍ കടന്ന് പിടിച്ചെന്ന് മാത്രമല്ല അവര്‍ പറയുന്നത്. ഇന്ന് രാവിലെ ഒരു മാധ്യമത്തോട് എംപി പറഞ്ഞത് ഞാന്‍ തുടര്‍ച്ചയായി പിന്തുടരുന്നുണ്ടെന്നാണ്. ഓര്‍ഡര്‍ വന്നപ്രകാരമാണ് ഞാന്‍ അവിടെ പോയത്. അതിനെല്ലാം രേഖകളുണ്ട്. യാദൃശ്ചികമായാണ് സംഭവങ്ങളെല്ലാം നടന്നത്. എംപിയുമായി വ്യക്തമായ അകലം പാലിച്ചാണ് ഞാന്‍ നിന്നത്. സംസാരിച്ചതും വളരെ മാന്യമായാണ്. കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചപ്പോഴും ഫോണ്‍ പിടിച്ചുവാങ്ങിയപ്പോഴും മാന്യമായാണ് ഇടപ്പെട്ടത്.
Also Read:യുവാവിനെ ആക്രമിച്ച സംഭവം : വിടി ബൽറാം ഉൾപ്പെടെ 6 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു
ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് വ്യക്തമാകും. ഞാനും സുഹൃത്തും അവരെ ഒന്ന് തൊട്ടിട്ട് പോലുമില്ലെന്ന് നൂറു ശതമാനം ഉറപ്പാണ്. അവര്‍ ഇരിക്കാന്‍ പറയുമ്പോഴും ഞങ്ങള്‍ ഇല്ലെന്നാണ് പറഞ്ഞത്. എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണം എംപി ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇത്രത്തോളം രമ്യ ഹരിദാസ് തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല. ഇത്രയും മോശമായ കാര്യം ആരോപിക്കുമ്പോള്‍ എന്റെ ഭാവിയെ അത് ബാധിക്കും. ആരോപണം എത്രത്തോളം ഗുരുതരമാണെന്ന് സാധാരണക്കാര്‍ക്ക് വരെ മനസിലാകും. കോണ്‍ഗ്രസുകാര്‍ തല്ലിയപ്പോള്‍ ഇടപെടുക പോലും രമ്യ ചെയ്തിട്ടില്ല. തല്ലിക്കോട്ടെ എന്ന മനോഭാവമായിരുന്നു അവര്‍ക്ക്,’ -സനൂഫ് പറഞ്ഞു.
Post Your Comments