Latest NewsKeralaNewsFacebook Corner

ഇവരെ ആരെയും വെള്ള പൂശേണ്ട കാര്യമെനിക്കില്ല, തെറ്റ് തെളിയിക്കപ്പെടുന്നത് വരെ നമുക്കൊന്ന് കാത്തിരുന്നൂടെ? സൗമ്യ സരിന്‍

ഇതൊക്കെ ഞാന്‍ പലതവണ നേരിട്ട് കണ്ടിട്ടും അതിന്റെ ആഴം ഞാന്‍ ചിന്തിച്ചിട്ടോ മനസ്സിലാക്കിയിട്ടോ ഇല്ലായിരുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്ക് എതിരെയും അനന്യയ്ക്ക് എതിരെയും പല ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നുണ്ട്. വാസ്തവ വിരുദ്ധമായ അഭിപ്രായങ്ങളുമായി പലരും എത്തുമ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് പങ്കുവയ്ക്കുകയാണ് ഡോ. സൗമ്യ സരിന്‍. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സൗമ്യ അനന്യയുടെ മരണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാതിരുന്ന ഒന്നായിരുന്നുവെന്നും എന്നാൽ തെറ്റ് തെളിയുന്നത് വരെ ഡോകട്ർക്ക് നേരെയുള്ള വിമർശനങ്ങൾ നിർത്തിക്കൂടേയെന്നും ചോദിക്കുന്നു.

ഡോ. സൗമ്യ സരിന്റെ കുറിപ്പ്:

‘ഒരു പ്രശ്‌നം കത്തി നില്‍ക്കുന്ന സമയത് അഭിപ്രായം പറയുക എന്നത് ഇക്കാലത്ത് ആത്മഹത്യാപരമാണ്. കാരണം നിങ്ങള്‍ എത്ര സത്യസന്ധമായി നിഷ്പക്ഷമായി അഭിപ്രായം പറഞ്ഞാലും നിങ്ങള്‍ ചാപ്പ കുത്തപ്പെടും. ഏതെങ്കിലും ചേരിയിലേക്ക് നിങ്ങള്‍ എടുത്തെറിയപ്പെടും. മറുചേരിക്കാര്‍ നിങ്ങളെ നിര്‍ദാക്ഷണ്യം ആക്രമിക്കും. അനുഭവിച്ചിട്ടുണ്ട്. ധാരാളം. സുരക്ഷിതമായി മൗനം അവലംബിക്കുക എന്നത് മനഃസാക്ഷിക്ക് നിരക്കുന്നില്ലെങ്കില്‍ ആ മൗനം വെടിയുക തന്നെ ആണ് ഉചിതം എന്ന് തോന്നിയതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്.

read also: ഭാര്യാ സഹോദരിയെ  ക്രൂരമായി ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ രതീഷ് അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ഞരമ്പ് രോഗി

അനന്യയുടെ മരണം വളരെ അധികം ദുഃഖമുണ്ടാക്കിയ ഒന്നാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാതിരുന്ന ഒന്ന്. ഈ സംഭവത്തെ തുടര്‍ന്ന് പല കഥകളും നമ്മള്‍ കേട്ടു. ചിലര്‍ അനന്യയുടെ ഓപ്പറേഷന്‍ ചെയ്ത ആശുപത്രിയെയും അവരെ ചികില്‍സിച്ച ഡോക്ടര്‍മാരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ മറ്റു ചിലര്‍ അനന്യയെ വ്യക്തിഹത്യ ചെയ്തതും നമ്മള്‍ കണ്ടു. രണ്ടിനോടും യാതൊരു വിധത്തിലും യോജിക്കാന്‍ ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്ന് ആദ്യമേ പറയട്ടെ! അനന്യയുടെ മരണത്തിലേക്ക് നയിച്ച യാഥാര്‍ഥ കാരണങ്ങളും അതില്‍ വൈദ്യശാസ്ത്ര സംബന്ധമായി എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ ആണ്. സത്യം പുറത്തു വരട്ടെ. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. അതിലൊന്നും യാതൊരു തര്‍ക്കവും ഇല്ല. ഈ സംഭവവുമായി നേരിട്ട് എനിക്ക് ബന്ധമില്ലെങ്കിലും ഇതില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിയുമായി ഒരു ചെറിയ ബന്ധം വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉണ്ടായിട്ടുണ്ട്. അതാണ് ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും.

വൈദ്യ പഠനത്തിന് പോകുന്ന വരെയും ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നാല്‍ എന്താണെന്നും അവര്‍ നമ്മളില്‍ ഒരാള്‍ ആണെന്നുമുള്ള യാതൊരു ബോധവും എനിക്കില്ലായിരുന്നു. പഠനം കഴിഞ്ഞിട്ടും പൂര്‍ണമായും ഇവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. അപ്പോഴും ഇതൊക്കെ ഇവര്‍’ കാട്ടികൂട്ടുന്നതാണ്’ എന്ന സമൂഹചിന്ത തന്നെയാണ് എന്നെയും സ്വാധീനിച്ചത്. കുട്ടികളുടെ വിഭാഗത്തില്‍ ചേര്‍ന്നതിനു ശേഷമാണ് DSD ( Disorders of sexual differentiation) എന്ന സ്ഥിതിവിശേഷത്തെ പറ്റിയും അതിനെ ചുറ്റി പറ്റി കൂടുതല്‍ വിഷയങ്ങളും വായിച്ചതും മനസ്സിലാക്കിയതും. ഇതൊന്നും തുറന്ന് പറയാന്‍ ഒരു ചമ്മലും എനിക്കില്ല. കാരണം ഇന്നും നമുക്കിടയില്‍ നല്ലൊരു ശതമാനം ആളുകള്‍ക്ക് ഇവരെ കുറിച്ച്‌ പല അബദ്ധധാരണകളും ആണുള്ളത്. എന്തിന് കൂടുതല്‍, പല ഡോക്ടര്‍മാര്‍ക്ക് വരെ ഈ വിഷയത്തെ പറ്റി കൃത്യമായ ബോധ്യമില്ല എന്നതാണ് സത്യം.

ഇവരെ പറ്റി കൂടുതല്‍ വായിച്ചും കേട്ടും മനസ്സിലാക്കിയപ്പഴാണ് ഈ വിഭാഗം നേരിടുന്ന കടുത്ത അവഗണനകളും ചൂഷണങ്ങളും നീതിനിഷേധവും എല്ലാം എന്റെ മനസ്സില്‍ ഒന്നുകൂടി തെളിഞ്ഞു വന്നത്. അത്രയും കാലം എന്റെ കണ്‍മുമ്ബില്‍ ഇതൊക്കെ ഞാന്‍ പലതവണ നേരിട്ട് കണ്ടിട്ടും അതിന്റെ ആഴം ഞാന്‍ ചിന്തിച്ചിട്ടോ മനസ്സിലാക്കിയിട്ടോ ഇല്ലായിരുന്നു. അല്ലെങ്കില്‍ ശ്രമിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ പേജില്‍ നടത്തുന്ന ടോക്കുകളില്‍ ഇവരെ കുറിച്ചും സംസാരിക്കണമെന്നും പൊതു ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കണമെന്നും തോന്നി.

ഞാന്‍ ഒരു കുട്ടികളുടെ ഡോക്ടര്‍ ആണെങ്കില്‍ പോലും അതല്ലാതെ ഉള്ള വിഷയങ്ങളും ഞാന്‍ പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഞാനൊരു സര്‍വ വിജ്ഞാന കോശമല്ല എന്ന വ്യക്തമായ ധാരണ ഉള്ളതു കൊണ്ടുതന്നെ ഏത് വിഷയം സംസാരിക്കുന്നതിനു മുമ്ബും ആ വിഷയത്തിലെ പ്രഗല്‍ഭരായ ഡോക്ടര്മാരോട് ഞാന്‍ സംസാരിക്കാറുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ തേടാറുണ്ട്. പറയുന്ന കാര്യങ്ങളില്‍ തെറ്റുകള്‍ വരരുത് എന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണത്. അങ്ങനെ ആണ് ട്രാന്‍സ്‌ജെന്‍ഡറുകളെ പറ്റി സംസാരിക്കുന്നതിനു മുമ്ബ് എന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ എന്റെ സുഹൃത്ത് കൂടിയായ ഡോ. അനീഷ് അഹമ്മെദിനെ വിളിച്ചത്. അദ്ദേഹം എന്‍ഡോക്രൈനോളജിസ്‌റ് ആണ്. അപ്പോള്‍ അദ്ദേഹമാണ് എനിക്ക് ഡോ. സുജയുടെ നമ്ബര്‍ തന്നത്. എന്നിട്ട് എന്നോട് പറഞ്ഞു,’സൗമ്യ, സുജയെ വിളിച്ചു സംസാരിക്കു. റെനൈ മെഡ്‌സിറ്റിയിലെ എന്‍ഡോക്രൈനോളജിസ്‌റ് ആണ്. അവര്‍ക്ക് ഇതിന്റെ കുറിച്ച്‌ വിശദമായി സംസാരിക്കാന്‍ സാധിക്കും. കാരണം അവര്‍ ഇവര്‍ക്കിടയില്‍ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുന്ന ഒരാളാണ്. സുജയുടെ വലിയ താല്പര്യ മേഖല ആണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനം.. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ എന്നെക്കാള്‍ നന്നായി പറഞ്ഞു തരാന്‍ സാധിക്കും.’

അങ്ങനെ നമ്ബര്‍ വാങ്ങി ഞാന്‍ വിളിച്ചു. എനിക്ക് സത്യം പറഞ്ഞ ഒരു ചമ്മല്‍ ഉണ്ടായിരുന്നു. അറിയുന്ന സുഹൃത്തുക്കളെ വിളിച്ചു ചോദിക്കാന്‍ നമുക്കൊരു സ്വാതന്ത്ര്യം ഉണ്ട്. ഇതിപ്പോ അറിയാത്ത ഒരു സൂപ്പര്‍സ്‌പെഷലിസ്‌റ് ആയ ഡോക്ടറേ ഒരു ടോക്കിന് സഹായിക്കുമോ എന്നൊക്കെ പറഞ്ഞു വിളിക്കയല്ലേ.എന്തായാലും വിളിച്ചു. ഞാന്‍ വിളിച്ചപ്പോ സുജ ഓ. പി യില്‍ ആയിരുന്നു. ഞാന്‍ ഫ്രീ ആകുമ്ബോള്‍ അങ്ങോട്ട് വിളിച്ചാല്‍ മതിയോ എന്ന് എന്നോട് ചോദിച്ചു. മതി എന്ന് പറഞ്ഞെങ്കിലും ‘ഓ, ഇവര്‍ വിളിക്കാനൊന്നും പോകുന്നില്ല’ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

പക്ഷേ സുജ വിളിച്ചു. വിളിച്ചു എന്ന് മാത്രല്ല ഒരു മണിക്കൂറോളം എനിക്ക് വിസ്തരിച്ചു എല്ലാം പറഞ്ഞു തന്നു. സുജയുടെ ഓരോ വാക്കിലും അവര്‍ ആ വിഭാഗത്തോട് എത്രത്തോളം സ്‌നേഹവും കരുതലും പുലര്‍ത്തുന്നു എന്നത് വ്യക്തമായിരുന്നു. സുജ പറഞ്ഞ ചില കാര്യങ്ങള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. സൗമ്യ, ഇവരെ എത്ര ആശുപത്രികള്‍ ചൂഷണം ചെയ്യുന്നുണ്ടെന്ന് അറിയാമോ?! അധികവും അന്യ സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ ആണ്. ഇവരില്‍ പലരും വേശ്യവൃത്തിക്ക് വരെ പോകുന്നത് അവര്‍ക്ക് ഈ ചികിത്സക്കുള്ള പൈസ സ്വരൂപിക്കാന്‍ ആണ്. പക്ഷേ പലരും അവരെ കബളിപ്പിച്ചു ആ പൈസ തട്ടിയെടുക്കുകയും ഓപ്പറേഷന്‍ എന്ന പേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഉള്ള ഓപ്പറേഷനുകള്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും അധികമില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് കേരളത്തില്‍ മിതമായ തുകക്ക് ഈ സര്‍ജറി ചെയ്തു കൊടുക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്..അതുപോലെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ സഹായങ്ങള്‍ക്കും.

എനിക്ക് അവരോട് വലിയ മതിപ്പ് തോന്നി. നന്ദി പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. അതിനു ശേഷം ഇന്നലെ വരെ ഞാന്‍ ഡോ. സുജയുമായി സംസാരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്ബാണ് അനന്യയുടെ മരണവുമായി ബന്ധപെട്ടു കേട്ട ഡോക്ടര്‍മാരുടെ പേരുകളില്‍ ഒന്ന് സുജയുടേതാണെന്നും ഡോ. അര്‍ജുന്‍ അശോകന്‍ ഡോ. സുജയുടെ ഭര്‍ത്താവാണെന്നും അറിയുന്നത്. എനിക്ക് സുജയെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വളരെ ബോള്‍ഡായി ആണ് സുജ സംസാരിച്ചത്. പക്ഷേ സുജ പറഞ്ഞ ഒരു വാചകം എന്നെ വല്ലാതെ വേദനിപ്പിച്ചു. സൗമ്യ, പുറത്തുള്ളവര്‍ എന്തോ പറഞ്ഞോട്ടെ. കുറ്റപ്പെടുത്തിക്കോട്ടെ. സാരമില്ല. സഹിക്കാം. പക്ഷേ ആര്‍ക്ക് വേണ്ടിയാണോ ഞങ്ങള്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത് ആരുടെ ഉന്നമനത്തിനു വേണ്ടിയാണോ ആഗ്രഹിച്ചത് അതെ കമ്മ്യൂണിറ്റി തന്നെ ഇന്ന് ഞങ്ങളെ തള്ളിപ്പറഞ്ഞു. അത് മാത്രം സഹിക്കാന്‍ പറ്റിയില്ലെടോ എന്ന്.

ഡോ. സുജയും ഡോ. അര്‍ജുനും ഒന്നും എനിക്കാരുമല്ല. എനിക്ക് ശമ്ബളം തരുന്നത് റെനൈ മെഡിസിറ്റിയുമല്ല. അതുകൊണ്ടുതന്നെ ഇവരെ ആരെയും വെള്ള പൂശേണ്ട കാര്യവും എനിക്കില്ല. ഇവരില്‍ ആര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന ശിക്ഷ കിട്ടുക തന്നെ വേണം. ഒരു തര്‍ക്കവും ഇല്ല. പക്ഷേ അത് തെളിയിക്കപ്പെടുന്നത് വരെയെങ്കിലും നമുക്കൊന്ന് കാത്തിരുന്നൂടെ?! ഇങ്ങനെ അനാവശ്യ മാധ്യമ വിചാരണയിലേക്കും നാല് കാശു കിട്ടിയാല്‍ ലൈക്കും ഷെയറും കൂട്ടാന്‍ എന്തും വിളിച്ചു പറയുന്ന ഓണ്‍ലൈന്‍ ചാനലുകാരുടെ പൂരപ്പാട്ടിലേക്കും ഒക്കെ ഇതിനെ കൊണ്ട് പോകുന്നത് ശരിയാണോ?! നിഷ്പക്ഷമായൊരു അന്വേഷണമല്ലേ നമുക്ക് വേണ്ടത്! അതല്ലേ ഞാനും നിങ്ങളും ആഗ്രഹിക്കുന്നത്?! അതിന് വേണ്ട ഒരു സംവിധാനം നമുക്കിവിടെ ഇല്ലേ! ഇനി അതില്ലെങ്കില്‍ അതുണ്ടാക്കുക അല്ലേ വേണ്ടത്!

ഇനി ഇത് വായിച്ചു എന്റെ ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പൊതു ശത്രു ആക്കാന്‍ വരുന്നവരോട് രണ്ട് വാക്ക്. അത് ചില തല്പരകക്ഷികള്‍ മുമ്ബ് തന്നെ എനിക്ക് ചാര്‍ത്തി തന്ന പട്ടം ആണ്. അതുകൊണ്ട് അത് വേണ്ട. പുതിയ പട്ടം വല്ലതും ആണെങ്കില്‍ നോക്കാം! ഇനി ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരി സഹോദരന്മാരോട്, എനിക്ക് നിങ്ങളോട് സഹതാപമില്ല. സത്യമാണ്. കാരണം നിങ്ങള്‍ അര്‍ഹിക്കുന്നത് സഹതാപമല്ല എന്ന കൃത്യമായ ബോധ്യം ഉള്ളത് കൊണ്ടാണത്. നിങ്ങള്‍ അര്‍ഹിക്കുന്നത് സമത്വമാണ്. പരസ്പര ബഹുമാനമാണ്. അതിന് വേണ്ടത് ആണ്‍ / പെണ്‍ എന്ന് ലിംഗത്തെ രണ്ടായി തിരിച്ച ഈ ലോകത്തോട് ഇതല്ല , ഇനിയുമുണ്ട് ഉപവിഭാഗങ്ങള്‍ എന്ന് പറയാനുളള ആര്‍ജ്ജവമാണ്. ജീവിക്കുന്നിടത്തോളം കാലം നിങ്ങളോട് സ്‌നേഹവും ബഹുമാനവും മാത്രം. നിങ്ങളുടെ നിസ്സഹായാവസ്ഥയെ മുതലെടുക്കാന്‍ വരുന്നവരെ തിരിച്ചറിയുക. അവരുടെ കയ്യിലെ പാവകള്‍ ആവാതിരിക്കുക! സത്യം വിജയിക്കട്ടെ!’

shortlink

Related Articles

Post Your Comments

Related Articles


Back to top button