ന്യൂഡല്‍ഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കരുതെന്ന് ശിരോമണി അകാലി ദള്‍. ഇതിനായി പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ശിരോമണി അകാലി ദള്‍ അദ്ധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ബിജെപിയുമായുള്ള സഖ്യം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികള്‍ ഒത്തുകൂടിയ ശേഷം ഒരു ദേശീയ മുന്നണി രൂപീകരിക്കണമെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ തന്റെയും പ്രശ്നമാണെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിരോമണി അകാലി ദളിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
എന്തുവില കൊടുത്തും പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടയുമെന്ന് സുഖ്ബീര്‍ സിംഗ് പറഞ്ഞു. എസ്എഡി ഒരു കര്‍ഷക പാര്‍ട്ടിയാണെന്നും കര്‍ഷകരുടെ പ്രശ്നം തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശിരോമണി അകാലി ദളുമായി കൂട്ടുകൂടാനൊരുങ്ങുകയാണ് ആം ആദമി പാര്‍ട്ടി എന്നാണ് റിപ്പോര്‍ട്ട്. ശിരോമണി അകാലി ദളും ആം ആദ്മിയും തമ്മിലുള്ള സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും സൂചനയുണ്ട്.
Post Your Comments