അഹമ്മദാബാദ്: വീട്ടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു. അഹമ്മദാബാദിലെ അസ്‌ലാലിയിലാണ് ദാരുണമായ അപകടം നടന്നത്. ഒരു വീട്ടിൽ ഉറങ്ങിക്കിടന്നവരാണ് കൊല്ലപ്പെട്ടത്. ജൂലൈ 20ന് രാത്രിയാണ് ദാരുണസംഭവം നടന്നത്. ഇടുങ്ങിയ മുറിയിലായിരുന്നു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ ഉറങ്ങിയത്.
മുറിക്കുള്ളില്‍ തന്നെയായിരുന്നു ഗ്യാസ് സിലിണ്ടറും സൂക്ഷിച്ചത്. സിലിണ്ടര്‍ ചോര്‍ന്ന് ഗ്യാസ് പരക്കാന്‍ തുടങ്ങിയിട്ടും ഇവര്‍ അറിഞ്ഞിരുന്നില്ല. ഗ്യാസ് മണം വന്നതോടെ അയല്‍വാസി വിവരമറിയിക്കാന്‍ വാതിലില്‍ മുട്ടുകയായിരുന്നു. ഉറങ്ങിക്കിടക്കുന്നവരിലൊരാള്‍ എഴുന്നേറ്റ് സ്വിച്ചിട്ടതും വന്‍ സ്ഫോടനം സംഭവിക്കുകയായിരുന്നു.
രാംപാരി അഹിര്‍വാര്‍ (56), രാജുഭായി (31), സോനു (21), സീമ (25), സര്‍ജു (22), വൈശാലി (7), നിതേ (6), പായല്‍ (4), ആകാശ് (2) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളും കുട്ടികളുമാണ് മരിച്ചത്.
10 പേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒമ്പത് പേരും അടുത്ത ദിവസങ്ങളിലായി മരിച്ചു. ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments