തൃശൂർ: ആന്ധ്രയിൽ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചില്ലറ വിപണിയിൽ നാല് കോടി രൂപയോളം വിലവരുന്ന കഞ്ചാവ് പിടികൂടിയത്.
സംസ്ഥാന പൊലീസ് മേധാവി കർശന നിരീക്ഷണത്തിനുള്ള നിർദേശത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ മേൽനോട്ടത്തിൽ തൃശൂർ റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് നിരന്തരമായി പരിശോധിച്ചതിൽ നിന്നുമാണ് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന വാഹനങ്ങൾ മനസിലായത്. ലോറിയിലും കാറിലുമായാണ് കഞ്ചാവ് കൊണ്ടു വന്നത്.
കൊരട്ടിയിൽ പോലീസ് സംഘം ലോറി പരിശോധിച്ചപ്പോഴാണ് ലോറിയുടെ പുറകിൽ ടാർപ്പായ ഇട്ട് മൂടിയ നിലയിൽ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തിയത്. പോലീസ് ചെക്കിംഗ് ഉള്ളതിനാൽ കഞ്ചാവുമായി പോകുവാൻ ഇവർ ഒരു പൈലറ്റ് വാഹനമായി കാറും ഒരുക്കിയിരുന്നു. ലോറിയിലെ പ്രതികളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് കാറും തന്ത്രപരമായി പിടികൂടുകയായിരുന്നു.
കഞ്ചാവുമായി പ്രതികളായ തൃശൂർ എൽത്തുരുത്ത് പൊന്തേക്കൻ വീട്ടിൽ ജോസ് (40), തൃശൂർ മണ്ണുത്തി വലിയ വീട്ടിൽ സുബീഷ് (42, തൃശൂർ പഴയന്നൂർ നന്നാട്ടുകുളം വീട്ടിൽ എൻ.എം. മനീഷ് (23), തമിഴ്നാട് തേനി സ്വദേശി സുരേഷ് (45), തൃശൂർ കുണ്ടുകാട് തേമനാ വീട്ടിൽ രാജീവ് (42) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്: അനന്യയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി
സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണ് കൊരട്ടിയിലേത്. കഞ്ചാവിന്‍റെ ഉറവിടത്തിനെ കുറിച്ചും പ്രതികൾക്ക് ഇതിനുവേണ്ടി സാമ്പത്തിക സഹായം ചെയ്തവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങി വിൽക്കുന്നവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments