തിരുവനന്തപുരം: കേരളത്തിൽ 10 ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവില്‍ ബാക്കിയുള്ളതെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും വീണ ജോർജ് വിശദീകരിച്ചു. ദിവസവും ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്സിന്‍ എടുക്കുന്നുണ്ടെന്നും അതിനാൽ ബാക്കിയുള്ള നാലര ലക്ഷം ഡോസ് വാക്സിന്‍ വെള്ളി ശനി ദിവസങ്ങൾ കൊണ്ട് തീരുമെന്നും മന്ത്രി അറിയിച്ചു.
ഈ മാസം 15, 16, 17 തീയതികളിലാണ് സംസ്ഥാനത്ത് കൂടുതല്‍ വാക്സിന്‍ വന്നതെന്നും ഈ മൂന്ന് ദിവസങ്ങളിലായി ആകെ 11,99,530 ഡോസ് വാക്സിനുകളാണ് എത്തിയതെന്നും വീണ ജോർജ് വിശദീകരിച്ചു. അതേസമയം 16-ാം തീയതി മുതല്‍ 22-ാം തീയതി വരെ ആകെ 13,47,811 ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്സിനെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിലുള്ള സ്റ്റോക്ക് മാറ്റി നിര്‍ത്തിയാല്‍ പോലും കേരളത്തിൽ കാര്യക്ഷമമായാണ് വാക്സിന്‍ നല്‍കുന്നതെന്ന് മനസ്സിലാക്കാനാകുമെന്നും ആ നിലയ്ക്ക് 10 ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും വീണ ജോർജ് പറഞ്ഞു. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വാക്സിന്‍ എത്രയുംവേഗം വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്നും കുറഞ്ഞ അളവില്‍ വാക്സിന്‍ എത്തുന്നതിനാല്‍ വേണ്ടത്ര സ്ലോട്ടുകൾ നല്‍കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments