തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുകയും ചെയ്യുക എന്നുള്ളത് സർക്കാരിന്റെ നയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: രാജ്യത്ത് 36,977 പേർക്ക് രോഗമുക്തി: ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, മരണനിരക്കും കുതിച്ചുയരുന്നു
പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ നയം. ഇതിനാവശ്യമായ നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ലിക് സർവ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് യഥാസമയം മത്സര പരീക്ഷകൾ നടത്താൻ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശിപാർശ നൽകുന്നതിനെയും ഇത് ബാധിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നൽകി.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 4-ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിൽ വീഴ്ച്ച വരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമനാധികാരികൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പുതിയ തീരുമാനം
Post Your Comments