ഇസ്ലാമാബാദ്: പാകിസ്താനില്‍ തോക്കുമായി നില്ക്കുന്ന ചൈനീസ് തൊഴിലാളികളുടെയും എഞ്ചിനീയര്‍മാരുടെയും ചിത്രങ്ങള്‍ പുറത്ത്. ബസ് സ്ഫോടനം നടന്ന് ദിവസങ്ങള്‍ മാത്രം പിന്നിട്ടിരിക്കവെയാണ് ചൈനീസ് പൗരന്മാര് തോക്കുകളുമായി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവരുന്നത്. സ്വയ രക്ഷയ്ക്ക് വേണ്ടി ആയുധങ്ങളുമായാണ് ചൈനീസ് പൗരന്മാര് തൊഴിലിടങ്ങളില്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് എകെ-47 തോക്കുകള്‍ ഉള്‍പ്പെടെ കയ്യില്‍ കരുതുന്നത്. ഇവര്‍ക്ക് 24 മണിക്കൂറും സായുധ സേനയുടെ സുരക്ഷയും നല്‍കിയിട്ടുണ്ട്. ജൂലൈ 14ന് പാകിസ്താനില്‍ നടന്ന ബസ് സ്ഫോടനത്തില്‍ 13 പേര് കൊല്ലപ്പെട്ടിരുന്നു. ദാസു ഡാമിലേയ്ക്ക് ചൈനീസ് എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയും കൊണ്ട് പോകുകയായിരുന്ന ബസാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 9 ചൈനീസ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം, സംഭവം ഭീകരാക്രമണമാണെന്ന് ചൈന പ്രതികരിച്ചെങ്കിലും പാകിസ്താന് ഇത് നിഷേധിച്ചിരുന്നു. ബസിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു പാകിസ്താന്റെ നിലപാട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പാക് അന്വേഷണ സംഘത്തിനൊപ്പം ചൈനീസ് ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ പങ്കാളികളായിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ ദാസു ഹൈഡ്രോ ഇലക്ട്രിക് പദ്ധതി റദ്ദാക്കിയതായി ചൈനീസ് കമ്പനി അറിയിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്താന് ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയും ചെയ്തിരുന്നു.
Post Your Comments