കൊച്ചി: കൊച്ചിൻ ഷിപ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടര്‍ച്ചയായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. 2019ല്‍ നടന്ന മോഷണം, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനത്തിനിടയിലെ സുരക്ഷാ വീഴ്ച എന്നിവയ്ക്ക് ശേഷമാണ് ഇപ്പോൾ അഫ്ഗാൻ പൗരൻ വിമാനവാഹിനിയിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.
അഫ്ഗാന്‍ പൗരനായ ഈദ് ഗുല്‍ വിമാനവാഹിനിയില്‍ ജോലി ചെയ്തത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും ഈദ് ഗുല്‍ അറസ്റ്റിലായ സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അറിയിച്ചു. ഒരു രോഗിയുടെ സഹായിയെന്ന പേരിലാണ് ഈദ് ഗുല്‍ ഇന്ത്യയിലെത്തിയതെന്നും എന്നാൽ രോഗിയെ സംബന്ധിച്ചോ, രോഗി നിലവില്‍ എവിടെയെന്ന കാര്യത്തിലോ വിവരമില്ലെന്നും അന്വേഷണ സംഘം വിശദീകരിച്ചു.
ഇയാളെ ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇയാളെ ജോലിക്കെത്തിച്ച കരാറുകാരനെ ചോദ്യം ചെയ്യുമെന്നും കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. കരാര്‍ തൊഴിലാളികളുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതാണ് ഗുരുതര സുരക്ഷാ വീഴ്ചയ്‌ക്ക് കാരണമായതെന്നും സംഭവത്തിൽ ചാരപ്രവര്‍ത്തനമടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയില്‍ വരുമെന്നും കേന്ദ്ര ഏജൻസികൾ കൂട്ടിച്ചേർത്തു.
Post Your Comments