ഇംഫാൽ : കുട്ടികളടക്കം നിരവധി പേരുടെ ജീവനെടുത്ത മണിപ്പൂരിലെ കലാപത്തില്‍ ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിങ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഈ വര്‍ഷം ഉണ്ടായത്. അതില്‍ അതിയായ ഖേദവും വേദനയും ഉണ്ട്. സംഭവത്തില്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്ന് ബിരേന്‍ സിങ് പുതുവര്‍ഷത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ മെയ് 3 മുതല്‍ ഇന്നുവരെ സംഭവിച്ചതില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ മാപ്പുചോദിക്കുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലര്‍ക്കും വീടുകള്‍ വിട്ടുപോകേണ്ടിവന്നു. സംഭവത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞാന്‍ മാപ്പു ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് നാല് മാസമായി സമാധാനത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. 2025 ആകുമ്പോഴേക്കും സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവിച്ചതെല്ലാം സംഭവിച്ചു. കഴിഞ്ഞ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുകയും മറക്കുകയും വേണം, സമാധാനപരവും സമൃദ്ധവുമായ മണിപ്പൂരിലേക്ക് നമുക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് മുതല്‍ സംസ്ഥാനത്ത് നടക്കുന്ന കുക്കി-മെയ്‌തെയ് സംഘര്‍ഷങ്ങളില്‍ 180ലധികം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
Post Your Comments