പുത്തൂര്‍: കൊല്ലം ജില്ലയിൽ വീണ്ടും സ്ത്രീധന പീഡനം. നവവധുവിനെ സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടാക്കി മര്‍ദ്ദിച്ചും തള്ളി നിലത്തിട്ടും പരിക്കേല്‍പ്പിച്ചതായി പരാതി. വധുവിന്റെ അമ്മയാണ് യുവാവിനെതിരെ പരാതിയുമായി മുന്നോട്ട് വന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്ന സ്ത്രീധന പീഡനങ്ങളിൽ ഭൂരിഭാഗവും കൊല്ലം ജില്ലയിൽ നിന്നുള്ളത് തന്നെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read:രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയോളം കേരളത്തില്‍ : മൂന്ന് ജില്ലകളിൽ പ്രതിദിന കേസുകള്‍ കൂടുതല്‍
ഭാര്യാ മാതാവിന്റെ പരാതിയിൽ കോട്ടാത്തല തലയണിവിളഭാഗം മിഥുന്‍ ഭവനില്‍ മിഥുനെതിരെയാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്. മിഥുനും കൊട്ടാരക്കര നീലേശ്വരം സ്വദേശിനിയായ അഞ്ജുവും തമ്മിലുള്ള വിവാഹം നടന്നിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. ഇതിനിടയിലാണ് സ്ത്രീധനം ആവശ്യപ്പെട്ട് മിഥുന്‍ തന്നെ ഉപദ്രവിക്കുന്നതായി അഞ്ജു വീട്ടില്‍ അറിയിച്ചത്. സാരമായി പരിക്കേറ്റ നിലയില്‍ അഞ്ജുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് അഞ്ജു കുടുംബവീട്ടിലേക്ക് തിരികെ വരികയായിരുന്നു.
ഇതേ തുടർന്നാണ് അമ്മ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയത്. കൊട്ടാരക്കര പൊലീസ് അഞ്ജുവിന്റെയും അമ്മയുടെയും മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് പുത്തൂര്‍ പൊലീസിന് കൈമാറി. പുത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുചക്ര വാഹനത്തില്‍ നിന്ന് വീണാണ് അഞ്ജുവിന് പരിക്കേറ്റതെന്നാണ് ഭര്‍തൃബന്ധുക്കള്‍ അറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണമാണ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സമാനസ്ഥിതികൾ അധികരിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് തന്നെ നീങ്ങാനാണ് പോലീസിന്റെ തീരുമാനം.
Post Your Comments