ന്യൂഡല്‍ഹി : താലിബാന്‍ ആക്രമണങ്ങള്‍ ശക്തമാകുന്നതിനിടെ ഭീകരരെ തുരത്താന്‍ ഇന്ത്യയുടെ സഹായം തേടി അഫ്ഗാന്‍. ഇതിന്റെ ഭാഗമായി അഫ്ഗാന്‍ ജനറല്‍ വാലി മുഹമ്മദ് അഹമദ്സായി ഈ മാസം 27 ന് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭീകരാക്രമണങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സൈനിക മേധാവിയുടെ ഇന്ത്യന്‍ സന്ദര്‍ശനം നിര്‍ണായകമാണ്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. പ്രതിരോധ സഹകരണം മികച്ചതാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ എത്തുന്ന വാലി മുഹമ്മദ് കരസേന മേധാവി ജനറല്‍ എംഎം നരവനെയുമായും, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തും.
മെയ് ഒന്നിന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങാന്‍ ആരംഭിച്ചതോടെ അഫ്ഗാന്‍ സൈന്യത്തിനെതിരായ ആക്രമണം താലിബാന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സഹായത്തോടെ തിരിച്ചടിക്കാനും അഫ്ഗാന്‍ ലക്ഷ്യമിടുന്നുണ്ട്.
സൈനിക മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ് വാലി മുഹമ്മദിന്റേത്. കഴിഞ്ഞ മാസമാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി വാലി മുഹമ്മദിനെ സൈനിക മേധാവിയായി നിയമിച്ചത്.
Post Your Comments